ഒരു ഉടലും രണ്ടു തലയും; ബ്രസീലില്‍ അപൂര്‍വ ഇരട്ടകള്‍ ജനിച്ചു

single-img
22 December 2011

ബ്രസീലിയ: ജീസസും ഇമ്മാനുവേലും ഹൃദയംകൊണ്ടു ഒന്നാണ്. പ്രവര്‍ത്തനിരതമായ തലച്ചോറുമായി രണ്ട് തലകളും വെവ്വേറെ നട്ടെല്ലുകളുമുണെ്ടങ്കിലും ഇവര്‍ക്കുള്ളത് ഒരു ശരീരവും ഇവര്‍ക്കായി മിടിക്കാന്‍ ഒരൊറ്റഹൃദയം മാത്രം. ബ്രസീലിലെ വടക്കന്‍ സംസ്ഥാനമായ പാരയില്‍ അനജാസ് എന്നയിടത്താണ് ഈ അപൂര്‍വ ഇരട്ടകളുടെ ജനനം.

ഗര്‍ഭപാത്രത്തില്‍ ഇരട്ടകളിലൊന്നിനു വളരാനുള്ള സാഹചര്യമില്ലാതിരുന്നതാണ് ഇവര്‍ക്കു ഒരു ഉടലും രണ്ടു തലകളുമായി പിറക്കേണ്ടിവന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തില്‍ മിക്ക അവയവങ്ങളും ഒരാള്‍ക്കുള്ളതേയുള്ളു. അതുകൊണ്ടുതന്നെ ഇവരെ ഉടനൊന്നും വേര്‍പെടുത്താന്‍ കഴിയില്ലെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം. ഇരുവരുടേയും തലച്ചോറുകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവരില്‍ ആരുടെ ജീവന്‍ നിലനിര്‍ത്തണമെന്നതാണ് ഡോക്ടര്‍മാര്‍ക്കു മുന്നിലുള്ള ചോദ്യചിഹ്നം. സാധാരണഗതിയില്‍ കുറച്ച് അവയവങ്ങള്‍ മാത്രം പൊതുവായുള്ള ഇരട്ടകളെ മാത്രമേ ശസ്ത്രക്രയയിലൂടെ വേര്‍പെടുത്താന്‍ കഴിയൂ. അതിനാല്‍തന്നെ തത്കാലം കാത്തിരിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

അനജാസിലെ ഒരു ചെറിയ ആശുപത്രിയിലാണ് 25 കാരിയായ യുവതി ജീസസിനും ഇമ്മാനുവേലിനും ജന്മം നല്‍കിയത്. ഗര്‍ഭകാലത്തൊരിക്കലും സ്‌കാനിംഗ് നടത്തിയിട്ടില്ലാത്തതിനാല്‍ ശിശുവിന്റെ വളര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ മനസിലാക്കിയിരുന്നില്ല. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇതിനു ശേഷം കുഞ്ഞിനെ നഗരത്തിലെ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. ഇതിനു മുമ്പ് 1990ല്‍ യുഎസിലാണ് ഇതിനു സമാനമായ അപൂര്‍വ ഇരട്ടകളുടെ ജനനം ഉണ്ടായിട്ടുള്ളത്. അബിജല്‍, ബ്രിട്ടനി ഹെന്‍സല്‍ എന്നാണ് ഇവരുടെ പേര്. ഇവര്‍ക്കു രണ്ടു തലയും ഒരു ഉടലുമാണുള്ളത്. ഇപ്പോള്‍ 21 വയസുള്ള ഇവര്‍ ഇതുവരെ വേര്‍പിരിഞ്ഞിട്ടില്ല.