സീരിയല്‍ നടി സംഗീത മോഹന്റെ കാറിടിച്ച് വീണ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ചു

single-img
22 December 2011

കരുനാഗപ്പള്ളി: സിനിമ-സീരിയല്‍ താരം സംഗീതമോഹന്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് വീണ ബൈക്ക് യാത്രികന്‍ ലോറി കയറി മരിച്ചു. തഴവ കുതിരപ്പന്തി കൊച്ചുകളീക്കല്‍ വീട്ടില്‍ ഷിബു (43) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. കരുനാഗപ്പള്ളി കെസി സെന്റര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്നു മരിച്ച ഷിബു.

Donate to evartha to support Independent journalism

ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേ എതിരേവന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഷിബുവിന്റെ ശരീരത്തില്‍ ട്രെയിലര്‍ ലോറി കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ ഷിബുവിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെ 7.15ന് മരണം സംഭവിച്ചു.

കായംകുളം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സംഗീതമോഹന്‍. ഇവരുടെ മാരുതി ആള്‍ട്ടോ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറാണ്. അപകടത്തെ തുടര്‍ന്ന് സംഗീതയും ഡ്രൈവറും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിയ ശേഷമാണ് മടങ്ങിയത്. ഇവരുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണകുമാരിയാണ് മരിച്ച ഷിബുവിന്റെ ഭാര്യ. ഇവര്‍ക്ക് രണ്ടുമക്കളുണ്ട്. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു.

തിരുവനന്തപുരത്ത് മൂന്നുവര്‍ഷം മുന്‍പ് മദ്യപിച്ച് കാറോടിച്ചതിന് സംഗീതമോഹനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.