എംഡിഎംകെ ഉപരോധം: വൈകോ അറസ്റ്റില്‍

single-img
21 December 2011

കമ്പം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലേക്കുള്ള പാതകള്‍ ഉപരോധിക്കാനെത്തിയ എംഡിഎംകെ നേതാവ് വൈകോയെയും തമിഴ് സംഘടനാ നേതാവ് നെടുമാരനെയും തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിന് ചിന്നമന്നൂരില്‍ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കുമളിയിലെ ഉപരോധം ഉദ്ഘാടനം ചെയ്യാനായിരുന്നു വൈകോ നേരത്തെ പദ്ധതിയിട്ടിരുന്നത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് വൈകോയ്ക്ക് നോട്ടീസ് നല്‍കാന്‍ തമിഴ്‌നാട് പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ വൈകോ നോട്ടീസ് കൈപ്പറ്റിയിരുന്നില്ല. ഉത്തമപാളയം താലൂക്കിന്റെ പരിധിയില്‍ പെടുന്ന പ്രദേശമാണ് ചിന്നമന്നൂര്‍. ഉത്തമപാളയത്ത് എത്തിയ ശേഷം ഇരുന്നൂറോളം പ്രവര്‍ത്തകരുമായി വാഹനങ്ങളിലാണ് വൈകോയും നെടുമാരനും ചിന്നമന്നൂരില്‍ എത്തിയത്. വൈകോ എത്തുന്നത് തടയാന്‍ ഇന്നലെ മുതല്‍ തമിഴ്‌നാട് പോലീസ് കുമളിക്കടുത്തുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

കമ്പംമേട്, കമ്പം, ചിന്നാര്‍, ബോഡിമെട്ട് എന്നിവിടങ്ങളിലും പാലക്കാട്-ചെങ്കോട്ട ദേശീയപാതയിലും നാഗര്‍കോവില്‍ അതിര്‍ത്തിയായ കളിയിക്കാവിളയിലും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഉപരോധം നടത്തി. പ്രതിഷേധക്കാര്‍ കേരളത്തിലേക്ക് കടക്കുന്നത് തടയാനായി ശക്തമായ പോലീസ് വിന്യാസമാണ് അതിര്‍ത്തികളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയത്. പലതായി തിരിഞ്ഞ് ബാരിക്കേഡുകള്‍ തീര്‍ത്തായിരുന്നു സുരക്ഷ ഒരുക്കിയിരുന്നത്. കുമളിയില്‍ അഞ്ച് പ്ലാറ്റൂണ്‍ പോലീസിനെയും കമ്പംമേട്, കമ്പം ബോഡിമെട്ട് എന്നിവിടങ്ങളില്‍ മൂന്ന് പ്ലാറ്റൂണ്‍ പോലീസിനെ വീതവും തമിഴ്‌നാട് വിന്യസിച്ചിരുന്നു.

പാലക്കാട് കോയമ്പത്തൂര്‍ ദേശീയപാതയില്‍ ചാവടിയില്‍ വഴിതടയല്‍ സമരത്തില്‍ നൂറുകണക്കിന് എംഡിഎംകെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. മറ്റു അതിര്‍ത്തികളായ ഗോപാലപുരം, ഗോവിന്ദാപുരം, വേലന്താവളം, മീനാക്ഷിപുരം, നടുപ്പുണി എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു. നടപ്പുണിയില്‍ തമിഴ്‌സംഘടനയുടെ പേരിലുള്ള ലഘുലേഖയും വിതരണം ചെയ്തിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന പ്രദേശം തമിഴ്‌നാടിന് വിട്ടുനല്‍കണമെന്നും അല്ലാത്തപക്ഷം തമിഴ്‌നാട്ടിലെ മലയാളികള്‍ അവിടം വിട്ടുപോകണമെന്നുമാണ് ലഘുലേഖയിലെ ആവശ്യം. ചെങ്കോട്ടയില്‍ ഉപരോധത്തിന് മുന്‍പ് അയ്യപ്പന്‍മാരുടെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നെങ്കിലും പിന്നീട് അതും പോലീസ് തടഞ്ഞു.

കേരള പോലീസ് ആര്യങ്കാവിലും തമിഴ്‌നാട് പോലീസ് ചെങ്കോട്ടയിലുമാണ് വാഹനങ്ങള്‍ അതിര്‍ത്തി കടക്കാതെ തടഞ്ഞത്. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സമ്പത്ത് ആണ് ചെങ്കോട്ടയിലെ പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. പന്ത്രണ്ടരയോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കളിയിക്കാവിളയില്‍ കന്യാകുമാരി എസ് പി ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. രാവിലെ പത്ത് മണിയോടെ ചെക് പോസ്റ്റ് അടച്ചു. പതിനൊന്ന് മണിയോടെയാണ് ഉപരോധം തുടങ്ങിയത്. ഉപരോധത്തിനായി തൂത്തുക്കുടിയില്‍ നിന്നും കന്യാകുമാരിയില്‍ നിന്നും ഉള്ള പ്രവര്‍ത്തകര്‍ തക്കലയില്‍ നിന്ന് വാഹനങ്ങളില്‍ എത്തിച്ചേര്‍ന്നത്.