അക്രമങ്ങള്‍ പാടില്ലെന്നു മുഖ്യമന്ത്രി

single-img
20 December 2011

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ ഒരൊറ്റ അനിഷ്ടസംഭവം പോലും കേരളത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്കി. അത്തരം സംഭവങ്ങള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകണം.

കേരളത്തില്‍ അനിഷ്ടസംഭവങ്ങള്‍ നടക്കുന്നുവെന്ന് തെറ്റായ പ്രചാരണം ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചത്. ശബരിമല തീര്‍ഥാടകര്‍ക്കു പൂര്‍ണ സംരക്ഷണം ഉറപ്പാക്കണം. അവര്‍ക്കു യാതൊരു ആശങ്കയും ഉണ്ടാകാന്‍ പാടില്ല. വാഹന ഗതാഗതം സുഗമമായി നടത്തുന്നതിന് ഒരു തടസവും ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ തടയുന്നതിന് തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ട് നടപടി എടുക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്കി. തമിഴ്‌നാടിനോടു ചേര്‍ന്നു കിടക്കുന്ന കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ പോലീസിന്റെ സാന്നിധ്യവും നിരീക്ഷണവും കൂടുതല്‍ ശക്തിപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, എഡിജിപി വേണുഗോപാല്‍ നായര്‍, എഡിജിപി എ. ഹേമചന്ദ്രന്‍, ഐജിമാരായ എസ്. അനന്തകൃഷ്ണന്‍, എ. പത്മകുമാര്‍, ബി. സന്ധ്യ, എസ്. ഗോപിനാഥ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.