മുല്ലപ്പെരിയാര്‍ സുരക്ഷയെക്കുറിച്ചു പഠനം: സുപ്രീംകോടതി നിര്‍ദേശം ലംഘിച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷയെക്കുറിച്ചു പഠിക്കാന്‍ ഏജന്‍സികളെ നിയോഗിക്കുന്നതിനെക്കുറിച്ചു സുപ്രീംകോടതി നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി ആക്ഷേപം ഉയരുന്നു.
2010 ഫെബ്രുവരി 18ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് അഞ്ചംഗ ഉന്നതാധികാര സമിതിയെ നിയോഗിക്കുമ്പോള്‍ തന്നെ കേന്ദ്ര ജലകമ്മീഷനെയോ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയോ പഠനത്തിനായി നിയോഗിക്കരുതെന്നു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം രേഖാമൂലം നല്കുന്നതു കേന്ദ്ര ജലകമ്മീഷന്റെ സല്‍പ്പേരിനെ ബാധിക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ ധരിപ്പിച്ചതിനാല്‍ വാക്കാലുള്ള നിര്‍ദേശമാണു കോടതി നല്‍കിയത്.
എന്നാല്‍, അതിനു വിരുദ്ധമായി കേന്ദ്ര ജലകമ്മീഷനും അതുമായി ബന്ധപ്പെട്ടതുമായ ഏജന്‍സികളാണു ഡാം സുരക്ഷയെക്കുറിച്ചു പഠനം നടത്തുന്നത്. ഭൂകമ്പ സാധ്യതയെക്കുറിച്ചുള്ള ഐഐടി റൂര്‍ക്കിയുടെ പഠന റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത് അതിലും താഴ്ന്ന നിലയിലുള്ള ഏജന്‍സിയായ സിഡബ്ല്യുപിആര്എസിനെയാണ്.
2001 ല്‍ കേന്ദ്ര ജലകമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റാണെന്നു സമര്‍ഥിച്ചുകൊണ്ട് ഡല്‍ഹി ഐഐടി തയാറാക്കിയ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കേന്ദ്ര ജലകമ്മീഷനെ തന്നെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഡാമിന്റെ ഘടനാപരമായ സുരക്ഷ പരിശോധിക്കാന്‍ മറ്റൊരു കേന്ദ്ര ഏജന്‍സിയായ സിഎസ്എംആര്എസിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതും കേന്ദ്ര ജലകമ്മീഷന്റെ സഹോദര സ്ഥാപനമാണ്.
റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആര്‍ഒവി) ഉപയോഗിച്ചു ജലത്തിനിടിയിലുളള ഡാമിന്റെ ഭാഗങ്ങള്‍ പരിശോധിച്ച സിഎസ്എംആര്‍എസിന്റെ പഠനത്തെക്കുറിച്ചു കേരളത്തിന്റെ പ്രതിനിധിയായ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനിയര്‍ എം.ശശിധരന് ഈ വര്‍ഷം ജൂണ്‍ 13 നു സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഡാമിന്റെ അടിഭാഗത്ത്് 1300 അടി നീളത്തില്‍ പോടുകളും വിള്ളലുകളും ഉണെ്ടന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഡാം സുരക്ഷയെക്കുറിച്ചു പഠിച്ച കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിക്കണമെന്ന് ഉന്നതാധികാര സമിതി മുമ്പാകെ കേരളവും തമിഴ്നാടും കഴിഞ്ഞ ഓഗസ്റ്റ് 11 ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം അഞ്ചിനു ഉന്നതാധികാര സമിതി മുമ്പാകെ കേരളം വീണ്ടും ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ തമിഴ്നാട് ഇതിനെ എതിര്‍ത്തു. റിപ്പോര്‍ട്ടുകള്‍ കാണേണ്ട ആവശ്യമില്ലെന്നായിരുന്നു തമിഴ്നാടിന്റെ വാദം.
സുപ്രീംകോടതി നിര്‍ദേശത്തിനു വിരുദ്ധമായി കേന്ദ്ര ഏജന്‍സികള്‍ തന്നെ നടത്തിയ പഠന റിപ്പോര്‍ട്ടുകളിലാണ് തമിഴ്നാട് പ്രതീക്ഷ വയ്ക്കുന്നത്. ഇന്ത്യക്കു പുറത്തുള്ള മറ്റേതെങ്കിലും വിദഗ്ധ ഏജന്‍സികളെക്കൊണ്ടു ഡാം സുരക്ഷ പരിശോധിപ്പിക്കണമെന്ന ആവശ്യം കേരളം നേരത്തെ തന്നെ സുപ്രീംകോടതിയിലും ഉന്നതാധികാര സമിതി മുമ്പാകെയും ഉയര്‍ത്തിയെങ്കിലും തമിഴ്നാട് ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്.