ഭക്ഷ്യസുരക്ഷാ ബില്‍ മന്ത്രിസഭ അംഗീകരിച്ചു

single-img
18 December 2011

ന്യൂഡല്‍ഹി: രാജ്യത്തെ 65 ശതമാനം ആളുകള്‍ക്കും ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള ഭക്ഷ്യസുരക്ഷാ ബില്ലിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കൃഷിമന്ത്രി ശരത് പവാറിന്റെ ചില എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നതിനിടയിലാണു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രത്യേക മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നല്‍കിയത്. ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രത്യേക താത്പര്യപ്രകാരമാണു കൊണ്ടുവരുന്നത്. ഇതു നടപ്പാക്കുന്നതിനുള്ള പണം കണെ്ടത്തുന്നതു സംബന്ധി ച്ചു കൃഷിമന്ത്രി ശരത് പവാര്‍ എതിര്‍പ്പ് ഉന്നയിച്ചതിനാല്‍ കഴിഞ്ഞ മന്ത്രിസഭായോഗം ബില്‍ മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ നിരവധി തവണ കാബിനറ്റ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസ്, കൃഷിമന്ത്രിയുടെ സംശയങ്ങള്‍ പരിഹരിച്ചെ ന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഗ്രാമീണ മേഖലയിലെ 75 ശതമാനം ആളുകളെയും നഗരങ്ങളില്‍നിന്നുള്ള 50 ശതമാനം ആളുകളെയും ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ദിഷ്ട ബില്‍ നടപ്പിലാക്കുന്നതിനു പ്രതിവര്‍ഷം 95,000 കോടി രൂപ വിനിയോഗിക്കേണ്ടി വരുമെന്നാണു സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ഈ വര്‍ഷം 63,000 കോടി വേണമെന്നും കണക്കാക്കുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബത്തിലെ ഒരാള്‍ക്ക് ഏഴു കിലോഗ്രാം അരിയും ഗോതമ്പും യഥാക്രമം മൂന്നും രണ്ടും രൂപ നിരക്കില്‍ ലഭിക്കും.

ജനറല്‍ വിഭാഗത്തിലുള്ളവര്‍ കുറഞ്ഞ താങ്ങുവിലയുടെ 50 ശതമാനം തുക മൂന്നു കിലോഗ്രാമിനു നല്‍കണം. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാസം 35 കിലോഗ്രാം ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതിനാണ് ഈ നിയമം നടപ്പിലാക്കുന്നത്. ഇപ്പോള്‍ 6.52 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്കു യഥാക്രമം 4.15 രൂപയ്ക്കും 5.65 രൂപയ്ക്കുമാണ് ഗോതമ്പും അരിയും പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്തിരുന്നത്. 11.5 കോടി എപിഎല്‍ കുടുംബങ്ങള്‍ക്കു 15 മുതല്‍ 35 വരെ കിലോഗ്രാം ഗോതമ്പും അരിയും 6.10 രൂപയ്ക്കും 8.30 രൂപയ്ക്കുമാണ് ലഭിച്ചിരുന്നത്.

ഭക്ഷ്യസുരക്ഷാ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ത്തന്നെ പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ പാസാകാനിടയില്ല. ബില്‍ സഭയുടെ അനുമതിയോടെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടും. അതിനിടെ, പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭേദഗതികളോടെ സമര്‍പ്പിച്ച ലോക്പാല്‍ ബില്ലിന് ഇന്നു ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കും. സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയിട്ടും അന്നാ ഹസാരെയുടെയും കൂട്ടരുടെയും എതിര്‍പ്പു നിലനില്‍ക്കുന്നതിനാല്‍ വിവാദപരമായ വ്യവസ്ഥകളും എതിര്‍പ്പുകളും കൂടെ പാര്‍ലമെന്റിനു മുമ്പില്‍ സമര്‍പ്പിക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക. പ്രധാനമന്ത്രിയെയും ഗ്രൂപ്പ് സി ജീവനക്കാരെയും ഉപാധികളോടെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായും സൂചനയുണ്ട്. ഭേദഗതികളോടെ അവതരിപ്പിക്കുന്ന ലോക്പാല്‍ ബില്‍, 22 ന് അവസാനിക്കേണ്ട നടപ്പുസമ്മേളനം നീട്ടിയില്ലെങ്കില്‍ പാസാക്കാന്‍ പ്രയാസമാണ്. അതിനാല്‍ ഏതാനും ദിവസംകൂടി സമ്മേളനം നീട്ടി ലോക്പാല്‍ പാസാക്കുന്ന കാര്യവും സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ട്.