പളനി തീര്‍ഥാടനത്തിനു പോയ നെയ്യാറ്റിന്‍കര സ്വദേശികളുടെ കാര്‍ അടിച്ചു തകര്‍ത്തു

single-img
17 December 2011

നെയ്യാറ്റിന്‍കര: തമിഴ്‌നാട്ടിലെ പളനിയില്‍ ക്ഷേത്രദര്‍ശനത്തിനു പോയ മലയാളി കുടുംബത്തിന്റെ കാര്‍ അടിച്ചുതകര്‍ത്തു. നെയ്യാറ്റിന്‍കര കീഴാറൂര്‍ സ്വദേശി ഉണ്ണികുമാറിന്റെ കാറാണ് ഇന്നു പുലര്‍ച്ചെ അക്രമികള്‍ അടിച്ചുതകര്‍ത്തത്.

ഉണ്ണികുമാറും ബന്ധുക്കളായ കീഴാറൂര്‍ ശ്രീലളിതത്തില്‍ കെ.എല്‍. രാജേഷ്, രാജേഷിന്റെ ഭാര്യ ദിവ്യ, മകന്‍ ആമ്പാടി, അഞ്ജന, നിലീന എന്നിവര്‍ ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് പളനിയിലെത്തിയത്. അടിവാരത്തെ ടോള്‍ പാര്‍ക്കില്‍ നിന്നും ടിക്കറ്റെടുത്ത് ഒരു സ്വകാര്യ ലോഡ്ജില്‍ രണ്ടു മുറികളിലായാണ് അവര്‍ താമസിച്ചത്. ലോഡ്ജിനു പുറത്തായിരുന്നു വാഹനപാര്‍ക്കിംഗ്. കെ.എല്‍ 19 ബി 6432 നമ്പര്‍ വാഹനമാണ് ഉണ്ണികുമാറിന്റെത്. ഇതിനു സമീപത്ത് തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ഒട്ടേറെ വാഹനങ്ങളുണ്ടായിരുന്നെങ്കിലും കേരള രജിസ്‌ട്രേഷനുള്ള വാഹനം ഇവരുടേത് മാത്രമായിരുന്നു. കാറിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും ചില്ലുകള്‍ അടിച്ചുതകര്‍ത്തു. വാഹനം ഓടിച്ചു പോകാനാവാത്ത സ്ഥിതിയാണിപ്പോഴെന്ന് രാജേഷ് ടെലിഫോണിലൂടെ അറിയിച്ചു.

രാജേഷിന്റെ മകന്‍ ആമ്പാടിയുടെ മുടിയെടുക്കല്‍ നേര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഇവര്‍ പളനിയിലെത്തിയത്. ഇന്ന് പുലര്‍ച്ചെ കുഞ്ഞിന്റെ മുടി മുറിക്കല്‍ നേര്‍ച്ചയ്ക്കായി ലോഡ്ജില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് കാര്‍ തകര്‍ത്തിരിക്കുന്ന വിവരം അറിഞ്ഞതെന്നും രാജേഷ് പറഞ്ഞു. തമിഴ്‌നാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കുന്നതില്‍ താത്പര്യം കാട്ടിയില്ലെന്നും ആക്ഷേപമുണ്ട്. ക്ഷേത്ര ദര്‍ശനം നടത്താതെ തിരിച്ചു പൊയ്‌ക്കോളൂ എന്ന നിലപാടാണത്രെ പോലീസിന്റെത്. പിന്നീട് സ്‌പെഷല്‍ ബ്രാഞ്ചില്‍ ബന്ധപ്പെട്ടതിനു ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതും വിവരങ്ങള്‍ ശേഖരിച്ചതും. പളനിയിലാദ്യമായാണ് മലയാളികളുടെ വാഹനത്തിനു നേരെ ആക്രമണം നടക്കുന്നത്.