ആസ്‌പത്രി തീപ്പിടിത്തം മരണം 88 ആയി

single-img
10 December 2011

കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ കോട്ടയം സ്വദേശികളായ രണ്ടു മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 88 പേര്‍ മരിച്ചു. കോട്ടയം സ്വദേശിനികളായ രമ്യ, വിനീത എന്നിവരാണു മരിച്ച മലയാളികള്‍. രോഗികളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണു നഴ്സുമാർ അപകറ്റത്തിൽ പെട്ട് മരിച്ചത്.കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ശിശിര്‍ സെന്നും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അതേസമയം, 40 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടത്തില്‍ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം വൈകിയതും നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി. ആശുപത്രി കെട്ടിടത്തിന്റെ ബേസ്മെന്റിലെ, ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക വിവരം

അഗ്നിശമന സേനയ്ക്കൊപ്പം കമാന്റോകളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. അതേസമയം ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ തടിച്ചു കൂടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ആശുപത്രിയുടെ ചില്ലുകള്‍ തകര്‍ത്ത ഇവര്‍ റിസപ്ഷനിലേക്കും മറ്റും കല്ലെറിഞ്ഞു.
തീപ്പിടുത്തമുണ്ടായ എഎംആര്‍ഐ ആശുപത്രിയുടെ ഉടമകളായ ആര്‍ എസ് ഗോയങ്കയും എസ് കെ ടോഡിയും കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ കീഴടങ്ങി. ഇവരെ അറസ്റ്റ് ചെയ്യാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ ഉത്തരവിട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.