മലയാളികൾക്ക് നേരെ വീണ്ടും ആക്രമണം

single-img
9 December 2011

മുല്ലപ്പെരിയാർ വിഷയത്തിൽ മലയാളികൾക്ക് നേരെ തമിഴ്നാട്ടിൽ ആക്രമണം തുടരുന്നു.കേരള അതിര്‍ത്തിപ്രദേശങ്ങളിലെ തമിഴ്‌നാട് മേഖലയില്‍ നിരോധനാജ്ഞ ലംഘിച്ച് അക്രമിസംഘങ്ങള്‍ മലയാളികളുടെ സ്വത്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്യുന്നുണ്ട്.മുല്ലപ്പെരിയാർ വിഷയം ചൂണ്ടിക്കാട്ടി മലയാളി വിദ്യാർഥികൾക്ക് നേരെ അക്രമണവും നടക്കുന്നുണ്ട്.ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങാനോ നാട്ടിലേയ്ക്ക് പോകാനോ കഴിയാത്ത സാഹചര്യമാണ് പല ഹോസ്റ്റലുകളിലും.
കേരളത്തില്‍ തീര്‍ഥാടകരെ മര്‍ദിക്കുന്നുവെന്നും വാഹനങ്ങള്‍ നശിപ്പിക്കുന്നുവെന്നും തമിഴ്‌നാട്ടിലെ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണ്‌ മലയാളികള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം.സംഘര്‍ഷസ്‌ഥിതി കണക്കിലെടുത്ത്‌ കുമളിയിലും ഉത്തമപാളയത്തും കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ചു. തമിഴ്‌നാട്ടില്‍ അകപ്പെട്ട 179 പേരെ രക്ഷപ്പെടുത്തി കേരളത്തിലെത്തിച്ചതായി ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. അശോകന്‍ അറിയിച്ചു. 33 പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.പച്ചക്കറികള്‍ കേരളത്തിലേക്ക് അയയ്ക്കാനാവാത്തത് തമിഴ്‌നാട്ടിലെ കര്‍ഷകരെയും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.ടൺ കണക്കിനു പച്ചക്കറിയാണു നശിച്ചത്.സംസ്ഥാന അതിര്‍ത്തിയില്‍ കുമളികമ്പം റോഡില്‍ തുടര്‍ച്ചയായി ആറാംദിവസവും ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.