സത്യവാങ്മൂലം പുതുക്കി നൽകും

single-img
8 December 2011

ഹൈകോടതിയിൽ നടത്തിയ വിവാദ പ്രസ്താവനകളെക്കുറിച്ച് എ.ജി കെ.പി.ദണ്ഡപാണി മന്ത്രിസഭയ്ക്ക് വിശദീകരണം നല്‍കി. എ.ജി.യുടെ വിശദീകരണം തൃപ്തികരമാണെന്നും എന്നാല്‍, സര്‍വകക്ഷിയോഗത്തിന്റെ തീരുമാനമനുസരിച്ച് ഹൈക്കോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിൽ എ.ജി,അഡീഷനൽ ചീഫ് സെക്രട്ടറി കെ.ജയകുമാർ മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍ നായര്‍ എന്നിവരെ വിളിച്ചുവരുത്തിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കും ജലനിരപ്പിനും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് താന്‍ ഹൈക്കോടതിയില്‍ വാദിച്ചിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ മന്ത്രിസഭയെ ബോധിപ്പിച്ചു. ‘ഡാമിന്റെ സുരക്ഷയ്ക്കും ജലനിരപ്പിനും തമ്മില്‍ ബന്ധമില്ലെന്ന തരത്തില്‍ ഹൈക്കോടതിയില്‍ താന്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഇപ്രകാരം വന്ന വാര്‍ത്തകള്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും എ.ജി.വ്യക്തമാക്കി. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് കേരളത്തിന്റെ പ്രഖ്യാപിത നിലപാടിന് അനുസരിച്ച് മാത്രമേ ഹൈക്കോടതിയില്‍ പ്രസ്താവന നടത്തിയിട്ടുള്ളൂ എന്നും എ.ജി.വിശദീകരിച്ചിട്ടുണ്ട്.

സത്യവാങ്മൂലം തയ്യാറാക്കാന്‍ മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ.ജോസഫ്, ആര്യാടന്‍ മുഹമ്മദ് എന്നിവരടങ്ങിയ ഉപസമിതിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.എ.ജി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ഉപസമിതി വിശദമായ സത്യവാങ്മൂലം തയ്യാറാക്കും. ഡിസംബര്‍ 15 – ന് ഹൈക്കോടതിയില്‍ ഈ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു