ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് ആദരമേകാന്‍ എ.ആര്‍ റഹ്മാനും താരങ്ങളും എത്തും

single-img
6 December 2011

തൃശൂര്‍: യശശ്ശരീരനായ സംഗീതസംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്കു സാംസ്‌കാരിക കേരളം ആദരമേകുന്നു. ദേവാങ്കണം എന്ന പേരില്‍ ഒരുക്കുന്ന മെഗാഷോ ഫെബ്രുവരി 11 നു തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍ എ.ആര്‍. റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. യേശുദാസ്, സിനിമാതാരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയവരും പിന്നണിഗായകരുമെല്ലാം ജോണ്‍സണ്‍ മാസ്റ്റര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ആലപിച്ച് അദ്ദേഹത്തിന് ആദരമേകും.

ജോണ്‍സണ്‍ മാസ്റ്ററുടെ സ്മരണ നിലനിര്‍ത്താന്‍ സംഗീതരംഗത്തു വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്ന ഫൗണേ്ടഷന്‍ സ്ഥാപിക്കും. ദേവാങ്കണം മെഗാഷോയിലൂടെ ജോണ്‍സണ്‍ ഫൗണേ്ടഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം നടത്താന്‍ ഇന്നലെ രാമനിലയത്തില്‍ ചേര്‍ന്ന ആലോചനായോഗം തീരുമാനിച്ചു. യോഗത്തില്‍ അധ്യക്ഷനായിരുന്ന എം.പി. വിന്‍സെന്റ് എംഎല്‍എയെ സംഘാടക സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് കോ – ഓര്‍ഡിനേറ്റര്‍. സിനിമാ സംവിധായകരായ സത്യന്‍ അന്തിക്കാടും കമലും പ്രോഗ്രാമിന്റെയും ഇവന്റിന്റെയും ചുമതല വഹിക്കും.

മേയര്‍ ഐ.പി. പോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ആര്‍ വിശ്വംഭരന്‍, ഗായകന്‍ ഫ്രാങ്കോ, തോമസ് കൊള്ളന്നൂര്‍, എന്‍.ഐ. വര്‍ഗീസ്, ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. സി.കെ. തോമസ്, പ്രസ് ക്ലബ് പ്രസിഡന്റ് ജോയ് എം. മണ്ണൂര്‍, എം.പി. സുരേന്ദ്രന്‍, ഫ്രാങ്കോ ലൂയിസ്, ആറ്റ്‌ലി തുടങ്ങിയവര്‍ സംസാരിച്ചു. സംവിധായകന്‍ പ്രിയനന്ദനന്‍, വാണിജ്യപ്രമുഖനായ റാഫി വടക്കന്‍, ഉണ്ണി വാര്യര്‍, ലിയോ ലൂയിസ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.