ഇടുക്കി ഡാം താങ്ങുമോയെന്ന് ഉറപ്പുപറയാനാവില്ല: വിദഗ്ധര്‍

കൊച്ചി: മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്കു വെള്ളമെത്താനുള്ള വേഗം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്കാന് ഹൈക്കോടതി വിദഗ്ധസമിതിക്കു നിര്‍ദേശം നല്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്ന് വെള്ളപ്പാച്ചിലുണ്ടായാല്‍ ഇടുക്കിയിലെ അണക്കെട്ടുകള്‍ക്ക് ആ വെള്ളം ഉള്‍ക്കൊള്ളാനാവുമോ എന്നതു സംബന്ധിച്ച് വിദഗ്ധ സമിതി വ്യക്തമാക്കാത്ത സാഹചര്യത്തിലാണു ഹൈക്കോടതി നിര്‍ദേശം.
കൂടുതല്‍ വിവരങ്ങള്‍ ഹാജരാ ക്കുന്നതിനു കേസ് ഈ മാസം 15നു പരിഗണിക്കാനായി മാറ്റി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് പി.ആര്. രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു കേസ് പരിഗണിച്ചത്.
മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ സംബന്ധിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കണമെന്നു വിദഗ്ധ സമിതി ആവശ്യപ്പെട്ട സാഹചര്യത്തിലാണു ഹൈക്കോടതിയുടെ നിര്‍ദേശം. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നു വെള്ളം ഒഴുകിയാല്‍ ഇടുക്കി ഉള്‍പ്പെടെയുള്ള മറ്റു ഡാമുകള്‍ക്കു തടഞ്ഞുനിര്‍ത്താനാകുമോ എന്നതു സംബന്ധിച്ചു വ്യക്തമാക്കാനാവില്ലെന്നും, പഠനം നടത്തേണ്ടി വരുമെന്നും വിദഗ്ധ സമിതി അംഗം കെഎസ്ഇബി ചെയര്മാന് ടി.എം. മനോഹരന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി ഡാമിനു തടയാനാകുമോ എന്നതു സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ നല്കാന് കോടതി ആവശ്യപ്പെടുകയായിരുന്നു. ഇടുക്കി ഉള്‍പ്പെടെ മറ്റു ഡാമുകളിലേക്കു വെള്ളമെത്താനുള്ള സമയം, ശക്തി, വേഗം എന്നിവ വ്യക്തമാക്കാനും കോടതി നിര്‍ദേശം നല്കി.
മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നു സാധാരണമട്ടില്‍ വെള്ളം ഒഴുകിയാല്‍ ഇടുക്കി ഡാമിനു തടഞ്ഞുനിര്ത്താനായേക്കുമെന്നു മുല്ലപ്പെരിയാര്‍ സ്പെഷല്‍ സെല്‍ ചെയര്മാന് പരമേശ്വരന് നായര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ സാധാരണമട്ടിലുള്ള പ്രശ്നമല്ല, മുല്ലപ്പെരിയാര്‍ ഡാം തകരുന്ന സാഹചര്യം ഉണ്ടായാല്‍ എന്തു ചെയ്യാനാവുമെന്ന് കോടതി ചോദിച്ചു. ഡാം തകര്‍ന്നാല്‍ എന്താണു സംഭവിക്കുകയെന്നു പറയാനാവില്ലെന്നു കോടതിയില്‍ ഹാജരായ കെഎസ്ഇബി ചെയര്മാന് ടി.എം. മനോഹരന് പറഞ്ഞു. ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കിക്കു കഴിഞ്ഞേക്കും. എന്നാല്‍ വെള്ളത്തോടൊപ്പം മണ്ണും കല്ലും മരങ്ങളും ഉള്‍പ്പെടെയുള്ളവയെല്ലാം ഇടുക്കി ഡാമിലേക്കെത്തിച്ചേരാം. ഇതു കൂടുതല്‍ ദുരന്തമുണ്ടാക്കും. ഇതുസംബന്ധിച്ചു പഠനം നടത്തിയാലേ കൂടുതല്‍ വ്യക്തമാക്കാനാവൂ എന്ന് അദ്ദേഹം അറിയിച്ചു.