മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

single-img
1 December 2011

കട്ടപ്പന: ജനങ്ങളെ ഭീതിയിലാഴ്ത്തികൊണ്ടു മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇന്നലെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത കനത്ത മഴയേത്തുടര്‍ന്ന് 136.5 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസം മുല്ലപ്പെരിയാര്‍ മേഖലയില്‍ നിന്നു മഴ മാറി നിന്നതോടെ ജലനിരപ്പ് 136.4 അടിയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്നലെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് പെയ്തത്.

അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 136 അടിയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ 13 സ്പില്‍വേയിലൂടെയും അധികജലം പെരിയാര്‍ വഴി ഇടുക്കി ജലസംഭരണിയിലേയ്ക്കു ഒഴുകുന്നതു വര്‍ധിച്ചു. ആദ്യ നാലു സ്പില്‍വേകളിലൂടെ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചപ്പാത്തില്‍ പീരുമേട് എം.എല്‍.എ ഇ.എസ്.ബിജിമോള്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേയ്ക്കു കടന്നു.