മുല്ലപ്പെരിയാര്‍: ജയലളിതയെ ചര്‍ച്ചയ്ക്കു ക്ഷണിച്ചു

single-img
1 December 2011

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചയ്ക്കു ക്ഷണിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കത്തയച്ചു. ജയലളിതയുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ കേന്ദ്രമന്ത്രി പി.കെ. ബന്‍സല്‍ നട ത്തിയ ശ്രമം വിജയിക്കാതിരുന്നതിനെത്തുടര്‍ന്നാണു പ്രധാനമന്ത്രി കത്തയച്ചത്. ചര്‍ച്ചയിലൂടെ രമ്യമായ പരിഹാരം ഉണ്ടാക്കണമെന്നാണു കത്തിലെ പ്രധാന നിര്‍ദേശം. ഇതിനുവേണ്ടി ഇരുസംസ്ഥാനങ്ങളിലെയും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടാന്‍ കേന്ദ്രമന്ത്രാലയത്തിനു നിര്‍ദേശം നല്കിയിട്ടുണെ്ടന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് കേരള സര്‍ക്കാര്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ താന്‍ പരിശോധിച്ചെന്നും ജനങ്ങളില്‍ അനാവശ്യ ഭീതി പരത്താന്‍ ശ്രമിക്കരുതെന്നും ജയലളിതയോടു പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ഇതിനിടെ, കേരളം അനാവശ്യ ഭീതി പരത്താന്‍ ശ്രമിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു. ഡാമിന്റെ സുരക്ഷാഭീഷണി സംബന്ധിച്ച വസ്തുതകള്‍ മനസിലാക്കുമെന്ന ഭയപ്പാടു മൂലമാണ് മുല്ലപ്പെരിയാറിനെക്കുറിച്ച് പഠനം നടത്തിയ റൂര്‍ക്കി ഐഐടിയിലെ വിദഗ്ധരെ വിസ്തരിക്കരുതെന്നും റിപ്പോര്‍ട്ട് പരിഗണിക്കരുതെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നതെന്നു കാണിച്ച് കേരളവും സുപ്രീംകോടതിയുടെ ഉന്നതാധികാര സമിതിക്കു മുമ്പാകെ സത്യ വാങ്മൂലം നല്‍കി.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ സര്‍വകക്ഷി സംഘത്തെ അയയ്ക്കണമെന്നു കേരള എംപിമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിനെയും രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരിയെയും ഇന്നു രാവിലെ നേരില്‍ കണ്ടു രേഖാമൂലം കത്തു നല്‍കാനും മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനും ഡല്‍ഹിയിലെ കേരള ഹൗസില്‍ ഇന്നലെ ചേര്‍ന്ന കേരളത്തിലെ എംപിമാരുടെ പ്രത്യേക യോഗം തീരുമാനിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നും പ്രശ്‌നപരിഹാരത്തിനു കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും പ്രധാനമന്ത്രിയോടു വീണ്ടും നേരിട്ട് ആവശ്യപ്പെടാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി.

പ്രധാനമന്ത്രി മന്‍മോഹന്‍ സിം ഗുമായി രാവിലെ പതിനൊന്നിനും ജലവിഭവ മന്ത്രി പവന്‍ കുമാര്‍ ബന്‍സലുമായി 12നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തും. കേരള എംപിമാരും നിയമവിദഗ്ധരുമായും ചര്‍ച്ച നടത്തിയശേഷം ഉമ്മന്‍ ചാണ്ടി നാളെ രാവിലെ കേരളത്തിലേക്കു മടങ്ങും. മുല്ലപ്പെരിയാര്‍പ്രശ്‌നത്തിലെ കേരളത്തിന്റെ അടുത്ത ഘട്ട നടപടികളെക്കുറിച്ചാകും നിയമവിദഗ്ധരുടെ ഉപ ദേശം പ്രധാനമായും തേടുക. ഒമ്പതിനു പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കാനുള്ള തീരുമാനം ഡല്‍ഹി ചര്‍ച്ചകളില്‍ മുഖ്യമന്ത്രി അറിയിക്കും.