ഇടുക്കി ഡാമിലെ ജലനിരപ്പു കുറയ്ക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന അപകടഭീഷണി നേരിടാനുള്ള അടിയന്തര മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചും അധികജലം തുറന്നുവിട്ടും ജലനിരപ്പ് അടിയന്തരമായി കുറയ്ക്കാനാണു തീരുമാനമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി തുടര്‍ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഇന്നു ഡല്‍ഹിക്കു തിരിക്കും.
മുല്ലപ്പെരിയാര്‍ ഡാമിന് എന്തെങ്കിലും സംഭവിക്കുന്നപക്ഷം അവിടെനിന്നുള്ള വെള്ളം ഇടുക്കിയിലേക്കാണ് ഒഴുകിയെത്തേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ വെള്ളംകൂടി ഉള്‍ക്കൊള്ളാനുള്ള സംഭരണശേഷി ഇടുക്കി ഡാമിനില്ല. 10 ടിഎംസി വെള്ളമാണ് ഇടുക്കിയില്‍ ഇനി അധികമായി സംഭരിക്കാന്‍ സാധിക്കുന്നത്. എന്നാല്‍, മറ്റൊരു 10 ടിഎംസി സംഭരണശേഷി കൂടി ഇടുക്കി ഡാമില്‍ സൃഷ്ടിക്കാനാണു തീരുമാനം. ഇത്രയും വെള്ളം ഇടുക്കി ഡാമില്‍നിന്നു വൈദ്യുതി ഉത്പാദിപ്പിച്ചോ തുറന്നുവിട്ടോ ഒഴിവാക്കും.