ഗദ്ദാഫി പുത്രനോടു കീഴടങ്ങാന്‍ രാജ്യാന്തരകോടതി

single-img
29 October 2011

ആംസ്റ്റര്‍ഡാം: ഗദ്ദാഫി പുത്രന്‍ സെയ്ഫ് അല്‍ ഇസ്‌ലാമിനെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതിനായി രാജ്യാന്തരകോടതി ശ്രമം തുടങ്ങി. ഇതിനായി മധ്യവര്‍ത്തികള്‍ വഴി സെയ്ഫുമായി രാജ്യാന്തരകോടതി ചര്‍ച്ച നടത്തിവരികയാണ്. സെയ്ഫ് കീഴടങ്ങണമെന്നും വിചാരണയ്ക്കു വിധേയനാകണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, ഹേഗിലെ രാജ്യാന്തരകോടതിയെ അംഗീകരിക്കാത്ത ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യത്ത് അഭയം പ്രാപിക്കാനുള്ള സെയ്ഫിന്റെ ശ്രമം തടയാനുള്ള നടപടികളും കോടതി സ്വീകരിച്ചുവരികയാണ്. സെയ്ഫ് ഇപ്പോള്‍ ഏതു രാജ്യത്താണുള്ളതെന്ന് വ്യക്തമായ ധാരണ കോടതിയ്ക്കുമില്ല. അതേസമയം, സെയ്ഫുമായി മധ്യവര്‍ത്തികള്‍ വഴി നടത്തിയ ചര്‍ച്ചകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലിബിയയില്‍ ആഭ്യന്തരയുദ്ധകാലത്ത് ജനങ്ങളെ കൊന്നൊടുക്കാന്‍ പ്രേരിപ്പിച്ച കുറ്റമാണ് ഗദ്ദാഫി പുത്രനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, ഇയാള്‍ സിംബാബ്‌വെയിലേക്കു കടക്കാനാണ് സാധ്യതയെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ ലൂയിസ് മൊറേനോ ഒകാംപോ പറഞ്ഞു. വ്യോമമാര്‍ഗം ഇയാള്‍ മറ്റൊരു രാജ്യത്തു പ്രവേശിക്കാതിരിക്കുന്നതിനു ലോകരാജ്യങ്ങളോടു രാജ്യാന്തരകോടതി സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.