വല്ലാര്‍പാടത്ത് കോടിക്കണക്കിനു രൂപയുടെ രക്തചന്ദനം പിടിച്ചു

single-img
28 October 2011

കൊച്ചി: വല്ലാര്‍പാടം കണ്‌ടെയ്‌നര്‍ ടെര്‍മിനലില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ കോടിക്കണക്കിനു രൂപയുടെ രക്തചന്ദനം പിടിച്ചെടുത്തു. ചന്ദനമുട്ടികള്‍ കടത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ഡിആര്‍ഐ പരിശോധന നടത്തിയത്. പുലര്‍ച്ചെ നാലരയോടെയാണ് റെയ്ഡ് തുടങ്ങിയത്.

ഇതിനിടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പരിശോധന പാടില്ലെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡിആര്‍ഐ സംഘത്തെ ഒന്നര മണിക്കൂറോളം തടഞ്ഞുവച്ചു. പിന്നീട് പോലീസിന്റെ സഹായത്തോടെയാണ് ഡിആര്‍ഐ പരിശോധന ആരംഭിച്ചത്. രക്തചന്ദനം കടത്തിയ ലോറി പിന്തുടര്‍ന്നാണ് ഡിആര്‍ഐ സംഘം വല്ലാര്‍പാടത്ത് എത്തിയത്. ഉദ്യോഗസ്ഥര്‍ കണ്‌ടെയ്‌നറുകള്‍ തുറന്ന് പരിശോധന തുടരുകയാണ്. ഇതുവരെ 20 ടണ്‍ ചന്ദനമുട്ടികള്‍ കണ്‌ടെടുത്തതായാണ് വിവരം. സംഭവത്തില്‍ ലോറി ഡ്രൈവറെയും മറ്റൊരാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ദുബായിലേയ്ക്കു കടത്താനായിരുന്നു ശ്രമമെന്ന് കരുതുന്നു. റബര്‍ മാറ്റ് എന്നാണ് രേഖകളിലുണ്ടായിരുന്നത്. വില്ലിംഗ്ടണ്‍ ഐലന്റിലെ ഏഷ്യന്‍ ടെര്‍മിനലില്‍ നിന്നുമാണ് ചരക്ക് കയറ്റിയതെന്നാണ് സൂചന. ഐജി ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്റെ സ്ഥാപനമാണ് ഏഷ്യന്‍ ടെര്‍മിനല്‍. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനു ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയൂവെന്നാണ് പോലീസ് നിലപാട്.