രഞ്ജി ട്രോഫിയില്‍ ഗാംഗുലി പാഡണിയുന്നു

single-img
27 October 2011

കോല്‍ക്കത്ത: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ടെലിവിഷന്‍ ചാനല്‍ കമന്റേറ്ററായി തിളങ്ങുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ബംഗാളിനായി രഞ്ജി ട്രോഫിയില്‍ പാഡണിയുന്നു. നവംബര്‍ മൂന്നിന് ആരംഭിക്കുന്ന സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കുള്ള 16 അംഗ ടീമിലേക്ക് ഗാംഗുലിയെയും തെരഞ്ഞെടുത്തു കഴിഞ്ഞു.

സംസ്ഥാന ടീമിനു വേണ്ടി പുതിയ രഞ്ജി സീസണില്‍ തുടക്കം മുതല്‍ ഗാംഗുലിയുടെ സാന്നിധ്യമുണ്ടാവുമെന്ന് ബംഗാള്‍ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദീപ് ദാസ് ഗുപ്ത പറഞ്ഞു. രഞ്ജിയില്‍ ബംഗാളിനെ മനോജ് തിവാരിയാണു നയിക്കുന്നത്. ഇടവേളയ്ക്കു ശേഷം ബംഗാള്‍ ടീമില്‍ എത്തിയ ഗാംഗുലി കടുത്ത പരിശീലനത്തിലാണെന്ന് ഗുപ്ത പറഞ്ഞു. ഏകദിനത്തിലും ട്വന്റി 20യിലും ഗാംഗുലി ബംഗാളിനു വേണ്ടി കളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീമിലെ യുവതാരങ്ങള്‍ക്കു ഗാംഗുലിയുടെ സാന്നിധ്യം ഊര്‍ജം പകരുമെന്ന് അദ്ദേഹം പറഞ്ഞു.