ഏഴാം അറിവ്; ഒരു സംവിധായകന്റെ പരാജയം

single-img
27 October 2011

മുരുഗദാസ് എന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം ഇന്ന് അറിയപ്പെടുന്നത് ഗജിനി എന്ന ചിത്രത്തിന്റെ സംവിധായകന്‍ എന്ന നിലയ്ക്കാണ്. ഗജിനി എന്ന ചിത്രം ദക്ഷിണേന്ത്യയില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നെന്ന കാരണത്താലും, അതിന്റെ ഹന്ദി പതിപ്പ് അതിനേക്കാള്‍ പ്രശസ്തി ഉയര്‍ത്തി എന്നതിനാലും മുരുഗദാസ് സൂപ്പര്‍ സംവിധായകനായി മാറി. എന്നാല്‍ അതിനു മുമ്പ് അദ്ദേഹം എടുത്ത ദീനയുള്‍പ്പെടയുള്ള ചിത്രങ്ങളൊന്നും അത്രയ്ക്ക് പ്രശസ്തിയാര്‍ജ്ജിച്ചിരുന്നില്ല. തെലുങ്കില്‍ ചിരംജ്ജീവിയെ നായകനാക്കി എടുത്ത ടാഗോറും (വിജയകാന്ത് നായകനായ രമണയുടെ റീമേക്ക്) സ്റ്റാലിനും വിജയങ്ങളുമായിരുന്നില്ല.

‘ഏഴാം അറിവ്’ എന്ന ചിത്രം പ്രേക്ഷകര്‍ കാണുവാന്‍ ശ്രമിക്കുന്നത് ഗജിനി എന്ന ചിത്രത്തിന്റെ സംവിധായകനാണ് അത് എടുത്തിട്ടുള്ളത് എന്നതിനാലും അഭിനയിച്ചിരിക്കുന്നത് സൂര്യയായതിനാലുമാണ്. ആ ഒരു കാരണപത്തില്‍ തന്നെ റിലീസിനുമുമ്പ് വന്‍ തുകയ്ക്ക് മാര്‍ക്കറ്റ് ചെയ്ത സിനിമയാണിത്. പക്ഷേ നിരാശരാക്കുക എന്ന വാക്കിനോടുള്ള സിനിമാക്കാരുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്ന ഒരു ചിത്രമായി ഇത് മാറിപ്പോയി.

സൂര്യ ദക്ഷിണേന്ത്യയിലെ സര്‍വ്വ സമ്മതനായ നടനാണെന്നുള്ളത് മുരുഗദാസ് ഈ ചിത്രത്തിലൂടെ വിപണനം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. അഥവാ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് വന്‍ പരാജയത്തിലാണ് അവസാനിച്ചിരിക്കുന്നത്. പക്കാ കച്ചവട കണ്ണിലൂടെയെടുത്ത സിങ്കം, അയണ്‍ തുടങ്ങിയ ചിത്രങ്ങളും, സൈക്കോപതിക് ത്രില്ലറായ ഗജിനിയിലും കലാമൂല്യത്തിന് പ്രാധാന്യം നല്‍കിയെടുത്ത വാരണമായിരത്തിലും സൂര്യ തന്റെ ചിത്രമാണെന്നുള്ള കയ്യൊപ്പ് പതിപ്പിച്ചിരിക്കുന്നത് നോക്കുക. പക്ഷേ ഇവിടെ കാര്യങ്ങളാകെ മാറിമറിയുകയാണ്.

വിയറ്റ്‌നാം നടനായ ജോണിറ്റ് റി ജ്യൂയനാണ് ഈ ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്. ഹോളിവുഡ് നടന്‍മാരില്‍ കാണുന്ന അഭിയമികവ് അദ്ദേഹം പുറത്തെടുത്തിട്ടുണ്ട് എന്നതിനാലും സൂര്യയെ കവച്ചുവയ്ക്കുന്ന പ്രകടനത്തിനാലും കൈയടി മുഴുവനും ജോണിറ്റാണ് കൊണ്ടുപോകുന്നത്. ആദ്യാവസാനം പല വേഷങ്ങളില്‍ സൂര്യ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയ്ക്കനുസരിച്ച് സിനിമയില്‍ പ്രകടിപ്പിക്കുവാനുള്ള അവസരം മുരുഗദാസ് നല്‍കിയിട്ടില്ല എന്നതാണ് നിര്‍ഭാഗ്യം.

അഞ്ചാം നൂറ്റാണ്ടില്‍ ബോധിധര്‍മ്മന്‍ എന്ന സന്യാസി ചൈ നയില്‍ ജീവിച്ചിരുന്നെന്നും അദ്ദേഹം തമിഴ്‌നാട്ടിലെ കാഞ്ചിപുരം എന്ന സ്ഥലത്തു നിന്നുമാണ് അവിടെയെത്തിയതെന്നുമുള്ള അറിവിനെ (അത് ഐതീഹ്യമാണോ കേട്ടുകേള്‍വിയാണോ എന്ന് സംവിധാണയകനും വ്യക്തമാക്കുന്നില്ല) അടിസ്ഥാനമാക്കിയാണ് ‘ഏഴാം അറിവ്’ ഒരുക്കിയിരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിലെ ആ കാലഘട്ടത്തെ ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വര്‍ത്തമാന കാലവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സിനിമ ഗമിക്കുന്നത്. മറ്റൊരാളിന്റെ മസ്തിഷ്‌കത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള ‘നോക്കുമര്‍മ്മം’ എന്ന ഏഴാം ഇന്ദ്രിയത്തിന്റെ കഥയാണ് യഥാര്‍ത്ഥത്തില്‍ ഈ സിനിമ സംസാരിക്കുന്നത്.

സൂര്യ ബോധധര്‍മ്മന്‍ എന്ന സന്യാസിയായും അരവിന്ദ് എന്ന സര്‍ക്കസുകാരനായും വേഷമിടുന്നു. മുമ്പ് പറഞ്ഞതുപോലെ ജോണിറ്റിന്റെ ഡോങ്ങ് ലി എന്ന വില്ലന്‍ മറ്റു കഥാപാത്രങ്ങളെ അപ്രസ്‌ക്തമാക്കുന്ന കാഴ്ചയും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. ബോധിധര്‍മ്മനെ കുറിച്ച് പ്രേക്ഷകര്‍ക്ക് കൊടുക്കുന്ന സൂചനാ സീനുകള്‍ പലയിടത്തും ക്ഷമയെ പരീക്ഷിക്കുന്നുമുണ്ട്. പല ത്രില്ലിംഗായിട്ടുള്ള രംഗങ്ങളും സിനിമയില്‍ കടന്നു വരുന്നുണ്ടെങ്കിലും അതൊന്നും പ്രേക്ഷകരെ വേണ്ടരീതിയില്‍ പിടിച്ചിരുത്തുന്ന ഒന്നായി മാനറുന്നില്ല എന്നതാണ് സത്യം.

ഉലകനായകന്റെ മകള്‍ ശ്രുതിഹാസന്‍ സ്വന്തം കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടില്ല എന്നുതന്നെ പറയേണ്ടിവരും. പക്വതയില്ലാത്ത ഒരു പ്രകടനമാണ് ശ്രുതി ഈ ചിത്രത്തില്‍ പുറത്തെടുത്തിരിക്കുന്നത്. ഇതിന് ശ്രുതിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം സംവിധായകന്‍ ഈ വേഷം അങ്ങനെയുള്ള നടിമാര്‍ക്ക് കൊടുക്കാനുള്ളതായിരുന്നു. നായികാ പ്രാധാന്യമുള്ള ഒരു ചിത്രത്തില്‍ അതിനൊത്ത ഒരു നായികയെ തിരഞ്ഞെടുക്കാത്തത് സംവിധായകന്റെ കഴിവുകേട് തന്നെയാണ്.

മാര്‍ഷന്‍ ആര്‍ട്‌സിന് പ്രാധാന്യം കൊടുത്താണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ എടുത്തു പറയേണ്ടതാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ ചിത്രങ്ങളിലെ അഭിവാജ്യ ഘടകമായ പീറ്റര്‍ ഹെയ്ന്‍സ് ആണ് സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തിരികുന്നത്. എന്നാല്‍ അവിടെയും വില്ലന്‍ ജോണിറ്റ് മറ്റുള്ളവരെ കടത്തിവെട്ടുന്നുണ്ട്. സംഘട്ടന രംഗങ്ങളില്‍ ഇന്ത്യന്‍ നടന്‍മാര്‍ക്കുള്ള ന്യൂനത ജോണിറ്റ് നമുക്ക് കാണിച്ചു തരുന്നു.

ഗജിനി എന്ന ചിത്രം ഒരു വിദേശ ചിത്രത്തിന്റെ അതേപടിയുള്ള അനുകരണമാണെന്നുള്ള കാര്യത്തില്‍ മുരുകദാസ് അന്ന് പഴിയൊരുപാട് കേട്ടതാണ്. പക്ഷേ ആ ചിത്രത്തെ ഹിന്ദിയില്‍ ക്‌ളൈമാക്‌സില്‍ കുറച്ച് മാറ്റം വരുത്തി അവതരിപ്പിച്ചപ്പോഴും വന്‍ ഹിറ്റായിരുന്നു മറുപടി. വിപണനം എന്തെന്നറിയാവുന്ന അമീര്‍ഖാന്‍ സഹായത്തിനുണ്ടായിരുന്നു എന്നത് ഒരു കാര്യം. എന്നിരുന്നാലും ഇതുപോലുള്ള വ്യത്യസ്ഥ ചിത്രങ്ങളെടുക്കുവാനുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത തള്ളിക്കളയുന്നില്ല. തിയേറ്ററില്‍ വരുന്ന പ്രേക്ഷകര്‍ക്ക് വേണ്ടത് കൊടുക്കാതെ സ്വന്തം സംവിധാന മികവ് കാട്ടാന്‍ ചിത്രത്തെ വികലമാക്കി പ്രേക്ഷകരെ നിരാശപ്പെടുത്തുന്നത് ശരിയായ ഒന്നായി ആരും അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. ഒരു പക്ഷേ അതുതന്നെയാണ് ഏഴാം അറിവിന്റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത്.

കുറിപ്പ്: മുരുഗദാസ് നിര്‍മ്മിച്ച ‘എങ്കെയും എപ്പോതും’ വന്‍പിച്ച പ്രേക്ഷക സാന്നിദ്ധ്യത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതുപോലുള്ള ലളിതമായ കഥയും അവതരണവുമൊക്കെയാണ് ഒരു സിനിമ പ്രേക്ഷകരെ കാണാന്‍ പ്രേരിപ്പിക്കുന്നതെന്ന് നിര്‍മ്മാതാവായ മുരുഗദാസിന് മനസ്സിലായി. പക്ഷേ സംവിധായകനായ മുരുഗദാസിന് അത് മനസ്സിലായില്ല.