അരുണ്‍കുമാറിന്റെ സസ്പന്ഷന് നീട്ടിവച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന് വി.എ.അരുണ്‍കുമാറിനെ ഐ.എച്ച്.ആര്.ഡി അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നു സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം നടപ്പിലാക്കുന്നത് നീട്ടിവച്ചു. ഇന്നലെ രാത്രി തന്നെ അരുണ്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒപ്പിട്ടിരുന്നുവെന്നും ഉത്തരവ് ഇന്നു പുറത്തിറങ്ങുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
മോഡല്‍ ഫിനിഷിംഗ് സ്കൂള്‍ ഡയറക്ടര്‍ സ്ഥാനത്തും ഐ.എച്ച്.ആര്.ഡി അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തും അരുണ്‍കുമാറിനെ നിയമിച്ച വിഷയം വി.ഡി.സതീശന് അധ്യക്ഷനായുള്ള നിയമസഭാ സമിതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നിയമസഭാ സമിതി അന്വേഷിച്ചുകൊണ്ടിരിക്കുന്ന വിഷയത്തില്‍ ഇതിന്റെ റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പ് സസ്പെന്‍ഡ് ചെയ്യുന്നത് അനുചിതവും പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനും ഇടയുള്ളതിനാലാണ് സസ്പെന്ഷന് നടപ്പിലാക്കുന്നത് നീട്ടിവച്ചത്.
നിയമസഭാ സമിതിയുടെ അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാകും. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം സസ്പെന്ഷന് നടപ്പിലാക്കാമെന്നാണ് ഇപ്പോഴത്തെ തീരുമാനം.
അരുണ്കുമാറിനോടപ്പം ഐ.എച്ച്.ആര്.ഡി. ഡയറക്ടര്‍ സുബ്രഹ്മണ്യത്തിനെയും സസ്പെന്‍ഡ് ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഐ.എച്ച്.ആര്.ഡിയിലും അരുണ്‍കുമാര്‍ ഡയറക്ടറായ ഫിനിഷിംഗ് സ്കൂളിലും നടന്ന ക്രമക്കേടുകളെക്കുറിച്ചു ധനകാര്യ പരിശോധന വിഭാഗത്തിന്റേയും അക്കൗണ്ട് ജനറലിന്റേയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശിപാര്‍ശ പ്രകാരമാണു സസ്പെന്ഷന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
മോഡല്‍ ഫിനിഷിംഗ് സ്കൂള്‍ സ്പെഷല്‍ ഓഫീസറായിരുന്ന അരുണിനെ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുടെ അനുമതിയോടെ ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ആയി താല്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുകയായിരുന്നുവെന്നാണ് എ.ജിയുടെ കണെ്ടത്തല്‍. ഇതു ഗവേണിംഗ് ബോഡി അംഗീകരിച്ചിട്ടില്ല.
ഡയറക്ടറുടെ യോഗ്യത ഇതുവരെ നിശ്ചയിച്ചിട്ടില്ല. എം.സി.എ, എല്‍.എല്‍.ബി, സൈബര്‍ ലോയില്‍ ഡിപ്ലോമ എന്നിവയാണ് അരുണിന്റെ യോഗ്യത. ഇതു ഡയറക്ടറാകാന്‍ പര്യാപ്തമല്ലെന്നും ഡയറക്ടറുടെ യോഗ്യത നിശ്ചയിച്ചാല്‍ അരുണിന് ഈ സ്ഥാനത്തു തുടരാന്‍ കഴിയില്ലെന്നും എ.ജിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാനക്കയറ്റത്തിലും മാനദണ്ഡം പാലിച്ചില്ലെന്ന പരാമര്‍ശവും ഇതോടൊപ്പം ഉള്ള സാഹചര്യത്തിലാണു സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.