പാമോയില്‍, ടൈറ്റാനിയം കേസിനൊപ്പം അരുണ്‍കുമാറിനെതിരേ സിബിഐ അന്വേഷണമാകാം: അച്യുതാനന്ദന്‍

single-img
25 October 2011

തിരുവനനന്തപുരം: പാമോയില്‍, ടൈറ്റാനിയം കേസുകള്‍ക്കൊപ്പം തന്റെ മകന്‍ അരുണ്‍കുമാറിനെതിരായ കേസുകളിലും സിബിഐ അന്വേഷണമാകാമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ധനവിനിയോഗ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിബിഐ അന്വേഷണത്തില്‍ തന്നെയും ഉള്‍പ്പെടുത്താം. ഉന്നയിക്കപ്പെട്ട ഒരു ആരോപണവും ഉപേക്ഷിക്കേണ്ടതില്ല. കുടുംബാംഗങ്ങളെക്കൂടി ആക്ഷേപിച്ചുകഴിഞ്ഞാല്‍ കേസ് നടത്തിപ്പില്‍നിന്ന് വിട്ടിട്ടുപോകില്ല.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വീണ്ടും അന്വേഷണം വരുന്നതോടെ ചിലര്‍ക്ക് ബേജാറുണ്ട്. ഇതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ആക്ഷേപിച്ചതുകൊണ്ട് വിജയിക്കാന്‍ പോകുന്നില്ല. ഇടമലയാര്‍ കേസില്‍ 20 കൊല്ലം പോരാടിയാണ് ഒരു വര്‍ഷം ആര്‍. ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത്.

പക മോശപ്പെട്ട സ്വഭാവമാണ്. അഴിമതിക്കെതിരേയും പാവപ്പെട്ട പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയവരോടും വെറുപ്പും എതിര്‍പ്പുമുണ്ട്. നിയമസഭയില്‍ ലീഗില്‍ നിന്നെത്തിയ പുതിയ അംഗങ്ങള്‍ തനിക്കെതിരേ പലതും പറയുന്നത് അറിവില്ലായ്മകൊണ്ടാണെന്നു മാത്രമേ കരുതുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.