വിവാദപ്രസംഗം: മുന്‍മന്ത്രി ടി. ശിവദാസമേനോനെ ചോദ്യംചെയ്തു

തലശേരി: യൂണിഫോം ഇല്ലാത്തപ്പോള്‍ മാത്രമല്ല, യൂണിഫോമിലുള്ളപ്പോഴും പോലീസുകാരെ തല്ലാമെന്നരീതിയില് പ്രസംഗിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും മുന്‍ മന്ത്രിയുമായ ടി. ശിവദാസമേനോനെ തലശേരി ടൗണ്‍ പോലീസ് ചോദ്യംചെയ്തു. സിഐ എം.പി. വിനോദ്, എഎസ്ഐ ഹേമരാജ് മേച്ചേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ മഞ്ചേരിയിലെ മകളുടെ വീട്ടിലെത്തി ശിവദാസമേനോനെ മുക്കാല്‍മണിക്കൂറോളം ചോദ്യംചെയ്തത്.
യൂണിഫോമിടാത്തപ്പോള് പോലീസിനെ തല്ലാമെങ്കില്‍ യൂണിഫോമുള്ളപ്പോഴും തല്ലാമെന്നു പ്രസംഗത്തിനിടയില്‍ സരസമായി പറഞ്ഞതാണെന്നും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പത്രങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ശിവദാസമേനോന് മൊഴിയില്‍ പറഞ്ഞു. തന്റെ പ്രസംഗം കേട്ട് ആരും ആരേയും തല്ലാന്‍ പോകുകയില്ല. താന്‍ അത്തരം ഉദ്ദേശ്യത്തില്‍ പറഞ്ഞതല്ലെന്നും ശിവദാസമേനോന് പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞതായി അറിയുന്നു.
കഴിഞ്ഞ 20 നു രാത്രി തലശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍ നടന്ന സി.എച്ച്. കണാരന് അനുസ്മരണ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് ശിവദാസമേനോനെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത പത്രലേഖകരുള്പ്പെടെ കേസില്‍ സാക്ഷിയാകുമെന്നും പത്രപ്രവര്‍ത്തകരില്‍ നിന്നും മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു. ഐപിസി 116,117 കേരള പോലീസ് ആക്ട് 117 ഇ എന്നീ വകുപ്പുകള്‍ പ്രകാരം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യാനായി പ്രേരിപ്പിക്കല്‍, പൊതുജനങ്ങളേയോ പത്തില്‍ കൂടുതല്‍ പേരേയോ കുറ്റം ചെയ്യാനായിട്ട് ഒത്തുചേരുന്നതിന് പ്രേരണ നല്കല്, പോലീസ് ഉദ്യാഗസ്ഥന്റെ കൃത്യനിര്‍വഹണം തടയുകയോ തടയണമെന്ന ഉദ്ദേശത്തോടെ ഭീഷണിപ്പെടുത്തുകയോ ചെയ്യുക എന്നീ കുറ്റങ്ങളാണ് ശിവദാസമേനോനെതിരെ ചുമത്തിയിട്ടുള്ളത്.
വിദ്യാര്‍ഥി സമരത്തിനു നേരെ വെടിവച്ച കൊഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമില്ലാതെ കണ്ടാല്‍ തെരുവില്‍ തല്ലണമെന്നു പ്രസംഗിച്ച എം.വി. ജയരാജനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. ജയരാജന്റെ പ്രസംഗത്തിന്റെ ചുവടുപിടിച്ചായിരുന്നു ശിവദാസമേനോന്റെ തലശേരിയിലെ പ്രസംഗം. എന്നാല്‍ പ്രസംഗത്തിലൊരിടത്തും അസിസ്റ്റന്റ് കമ്മീഷണറുടെ പേര് ഉച്ചരിച്ചിരുന്നില്ല. കണ്ണൂരില്‍ ജയരാജന് പറഞ്ഞതിനോട് തനിക്ക് ഭേദഗതിയുണെ്ടന്നും യൂണിഫോം അഴിച്ചുവച്ചാല്‍ തല്ലാമെന്നാണു ജയരാജന് പറഞ്ഞത്. പോലീസിനെക്കുറിച്ചും നേരിട്ടുള്ള സൂചനയില്ലായിരുന്നു.
കുട്ടികളെ തല്ലിയാല്‍ അങ്ങോട്ടും അടിക്കാമെന്നു പ്രസംഗിച്ച ശിവദാസമേനോന് ഇങ്ങോട്ട് അക്രമം കാണിച്ചാല്‍ ചവിട്ടി നീളംവലിക്കുമെന്നും പറഞ്ഞിരുന്നു. എസ്എഫ്ഐ നേതാവ് ബിജുവിനെ തല്ലുന്നത് കണ്ടപ്പോള്‍ ടി.വി അടിച്ചു പൊളിക്കാനാണ് തോന്നിയതെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്നു.