ഹിമാചല്‍ പ്രദേശില്‍ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു

single-img
24 October 2011

ഷിംല: ഹിമാചല്‍ പ്രദേശില്‍ യാത്രാബസ് ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിച്ച് 27 പേര്‍ മരിച്ചു. ബിലാസ്പൂര്‍ ജില്ലയിലെ ധനോയിലായിരുന്നു അപകടം. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബിലാസ്പൂരില്‍ നിന്ന് ബാന്ദ്‌ലയിലേക്കുളള യാത്രയിലായിരുന്നു ബസ്. ഇരുട്ടായതിനാല്‍ കാഴ്ചക്കുറവ് മൂലം റോഡിന്റെ അരിക് കാണാന്‍ ഡ്രൈവര്‍ക്ക് കഴിഞ്ഞിരുന്നില്ല. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരു ബസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

കൂടുതല്‍ പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.