തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്; എഡിഎംകെയ്ക്കും എഐഎന്‍ആര്‍സിക്കും വിജയം

single-img
21 October 2011

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി വെസ്റ്റ് മണ്ഡലത്തിലും പുതുച്ചേരിയിലെ ഇന്ദിര നഗര്‍ മണ്ഡലത്തിലും നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷികളായ എഡിഎംകെയും എഐഎന്‍ആര്‍സിയും വിജയിച്ചു. രണ്ടു പാര്‍ട്ടികളുടെയും സിറ്റിംഗ് സീറ്റുകളായിരുന്നു ഇത്. ഈമാസം 13ന് ആണ് ഇരു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പു നടന്നത്.

തിരുച്ചിറപ്പള്ളിയില്‍ എഡിഎം കെ സ്ഥാനാര്‍ഥി എം. പരംജ്യോതി ഡിഎംകെ സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ കെ.എന്‍. നെഹ്‌റുവിനെ 14,684 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി. ഏപ്രില്‍ 13നു നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഡിഎംകെയുടെ മരിയം പിച്ചെ 7,000 വോട്ടിനു നെഹ്‌റുവിനെ പരാജയപ്പെടുത്തിയിരുന്നു. പിച്ചെ മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
പുതുച്ചേരിയിലെ ഇന്ദിരാനഗര്‍ മണ്ഡലത്തില്‍ എഐഎന്‍ആര്‍സി സ്ഥാനാര്‍ഥി എ. തമിഴ്‌സെല്‍വന്‍ കോണ്‍ഗ്രസിലെ വി. അറുമുഖത്തെ 8,000 വോട്ടിനു പരാജയപ്പെടുത്തി.

എഡിഎംകെ സ്ഥാനാര്‍ഥി എ. വെങ്കട്ടേശ്വരനു കെട്ടിവച്ച കാശ് നഷ്ടമായി. മുഖ്യമന്ത്രി എന്‍. രംഗസ്വാമിയുടെ അനന്തരവനാണു തമിഴ്‌സെല്‍വന്‍. ഏപ്രില്‍ 13നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരാനഗര്‍ ഉള്‍പ്പെടെ രണ്ടു മണ്ഡലങ്ങളില്‍നിന്നു രംഗസ്വാമി വിജയിച്ചിരുന്നു. പിന്നീട് ഇന്ദിരാ നഗര്‍ സീറ്റ് ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.