മുല്ലനേഴി അന്തരിച്ചു

single-img
21 October 2011

തൃശൂര്‍: കവിയും ഗാനരചയിതാവും നടനുമായ മുല്ലനേഴി എം.എന്‍.നീലകണ്ഠന്‍ നമ്പൂതിരി (63) അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ആവണിശേരിയിലെ വീട്ടില്‍ വെച്ച് ഇന്നലെ രാത്രി 11 മണിക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് മകന്‍ അരുണും ഉറ്റ സുഹൃത്തും സംവിധായകനുമായ പ്രിയനന്ദനനും മറ്റ് സുഹൃത്തുക്കളും അടുത്തുണ്ടായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 5-30ന് മുല്ലനേഴിയിലെ വീട്ടുവളപ്പില്‍ നടക്കും.

1948 മേയ് 16ന് ഒല്ലൂര്‍ ആവണിശേരിയിലെ മുല്ലനേഴി മനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാമവര്‍മ്മപുരം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1980 മുതല്‍ 83 വരെ കേരള സംഗീത അക്കാഡമിയിലെ ഭരണസമിതിയില്‍ അംഗമായിരുന്നു. ചലച്ചിത്ര സംവിധായകന്‍ കൂടിയായിരുന്ന പി.എം. അബ്ദുല്‍ അസീസ് 1970കളുടെ തുടക്കത്തില്‍ രചിച്ച ചാവേര്‍പ്പട എന്ന നാടകത്തില്‍ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം കലാരംഗത്തേക്ക് കടന്നുവന്നത്.

ഉപ്പ്, പിറവി, കഴകം, നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വക, സ്വര്‍ണപക്ഷികള്‍, മേള, അയനം, സന്‍മനസുള്ളവര്‍ക്ക് സമാധാനം, ഇന്ത്യന്‍ റുപ്പി തുടങ്ങി 64 ഓളം ചിത്രങ്ങള്‍ക്കും ഒട്ടനവധി ആല്‍ബം ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഉപ്പ്, പിറവി, കഴകം, ഇന്ത്യന്‍ റുപ്പി, ചാവേര്‍പ്പട, അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്, നെയ്ത്തുകാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഞാവല്‍പ്പഴങ്ങള്‍ എന്ന ചിത്രത്തിലെ ‘കറുകറുത്തൊരു പെണ്ണാണേ’ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് അദ്ദേഹം ഏറെ പ്രശസ്തനായത്. ആനവാല്‍മോതിരം, നാറാണത്തുഭ്രാന്തന്‍, അക്ഷരദീപം തുടങ്ങിയ കവിതകളും പെണ്‍കൊട, സമതലം, മോഹപ്പക്ഷി തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്.

1995, 2010 എന്നീ വര്‍ഷങ്ങളില്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡിന് അദ്ദേഹം അര്‍ഹനായി. 1981ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരവും മുല്ലനേഴിക്ക് ലഭിച്ചു. ഉള്ളൂര്‍ അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ്, നാലപ്പാടന്‍ സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടി എത്തി.