ഗദ്ദാഫി കൊല്ലപ്പെട്ടു

single-img
20 October 2011

ട്രിപ്പോളി: മുന്‍ ലിബിയന്‍ നേതാവ് കേണല്‍ മുവമ്മര്‍ ഗദ്ദാഫി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ലിബിയന്‍ പരിവര്‍ത്തന സമിതിയിലെ മുതിര്‍ന്ന കമാന്‍ഡറാണ് ഗദ്ദാഫിയെ വിമതസേന കൊല്ലപ്പെടുത്തിയ വിവരം പുറത്തുവിട്ടത്.

ജന്മദേശമായ സിര്‍ത്തില്‍വച്ചാണ് ഗദ്ദാഫിയെ വിമതസേനയും നാറ്റോയും ചേര്‍ന്ന് വധിച്ചത്. ലിബിയയിലെ മറ്റു പ്രദേശങ്ങളുടെ നിയന്ത്രണം വിമതസേനയും നാറ്റോയും പിടിച്ചെടുത്തിരുന്നെങ്കിലും സിര്‍ത്തില്‍ ഗദ്ദാഫിയുടെ സേന വന്‍ചെറുത്തുനില്‍പ്പാണ് നടത്തിയത്.

ഇരുകാലുകള്‍ക്കും മാരക പരിക്കേറ്റ നിലയിലാണ് ഗദ്ദാഫി പിടിയിലായതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാലായനം ചെയ്യാനുള്ള ശ്രമത്തിനിടെ ഗദ്ദാഫിയെ നാറ്റോസേനയും വിമതസേനയും ചേര്‍ന്ന് വധിച്ചതായി അല്‍ജസീറ അടക്കമുള്ള വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തനിക്കു നേരെ വെടിയുതിര്‍ക്കരുതെന്നായിരുന്നു ഗദ്ദാഫിയുടെ അവസാനവാക്കുകള്‍. ഗദ്ദാഫിയുടെ വക്താവ് മൂസാ ഇബ്രാഹിമിനെയും പിടികൂടിയതായി വിമതര്‍ അവകാശപ്പെട്ടു. ഗദ്ദാഫി സേനയുടെ തലവനെ വധിച്ചതായും വിമതര്‍ വെളിപ്പെടുത്തി. അതേസമയം, ഗദ്ദാഫിയുടെ മരണം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.

40 വര്‍ഷത്തിലേറെയായി ലിബിയയെ അടക്കിഭരിച്ചിരുന്ന ഗദ്ദാഫിയില്‍ നിന്നു അധികാരം പിടിച്ചെടുക്കാന്‍ മാസങ്ങള്‍ക്കു മുമ്പാണ് വിമതസേന പ്രക്ഷോഭം തുടങ്ങിയത്. ഗദ്ദാഫി സൈന്യവും വിമതസേനയും തമ്മില്‍ മാസങ്ങളായി തുടരുന്ന രൂക്ഷ പോരാട്ടത്തില്‍ ആയിരക്കണക്കിനു പേരാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ ട്രിപ്പോളി അടക്കം ലിബിയയുടെ ഭൂരിപക്ഷം മേഖലകളുടെ നിയന്ത്രണവും വിമതര്‍ പിടിച്ചെടുത്തിരുന്നെങ്കിലും ഗദ്ദാഫിയുടെ ഒളിസങ്കേതത്തേക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

ഗദ്ദാഫിയുടെ ജന്മനഗരമായ സിര്‍ത്തിന്റെ നിയന്ത്രണവും വിമതര്‍ കൈയ്യടക്കിയതോടെയാണ് മുന്‍ ലിബിയന്‍ പട്ടാള ഭരണാധികാരി പിടിയിലായതെന്ന വാര്‍ത്ത പുറത്തുവന്നത്. ഗദ്ദാഫിയുടെ അവസാന ആശ്രയമായിരുന്നു സിര്‍ത്ത്. നേരത്തെ തന്നെ അദ്ദേഹത്തിന്റെ മക്കളെ വിമതസേന അറസ്റ്റു ചെയ്തിരുന്നു. വിമതസേനയ്ക്കു പൂര്‍ണ പിന്തുണ നല്‍കി നാറ്റോ സേനയും ലിബിയയില്‍ ആക്രമണം നടത്തിവരികയായിരുന്നു. ഗദ്ദാഫി പിടിയിലായെന്ന വാര്‍ത്ത പരന്നതോടെ ലിബിയയില്‍ ജനങ്ങള്‍ ആഹ്ലാദപ്രകടനം നടത്തുകയാണ്.

1969ലാണ് ഗദ്ദാഫി ലിബിയയുടെ അധികാരം പിടിച്ചെടുത്തത്. ആയിരക്കണക്കിനു ജനങ്ങളെ സൈന്യത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ അന്താരാഷ്ട്ര കോടതി ഗദ്ദാഫിക്കെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

[nggallery id=5]

httpv://www.youtube.com/watch?v=g07otrwI4j4