വാളകം സംഭവം: പ്രതിപക്ഷം വീണ്ടും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
19 October 2011

തിരുവനന്തപുരം: വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ പ്രതികള പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇന്ന് രണ്ടാം തവണയാണ് പ്രതിപക്ഷം സഭവിട്ട് ഇറങ്ങുന്നത്. വാളകം സംഭവം ഉന്നയിച്ച് പ്രതിപക്ഷത്തു നിന്നും പി.കെ.ഗുരുദാസന്‍ എംഎല്‍എയാണ് സബ്മിഷന്‍ ഉന്നയിച്ചത്. സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും കേസില്‍ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസിനായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

സബ്മിഷനു മറുപടി പറഞ്ഞ മുഖ്യമന്ത്രി അന്വേഷണം നേരായ വഴിയില്‍ തന്നെയാണെന്ന് സഭയെ അറിയിച്ചു. കേസില്‍ യഥാര്‍ത്ഥ പ്രതികളെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിയൂ. പ്രതിപക്ഷം പ്രതികളായി ചൂണ്ടികാണിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. കേസില്‍ സര്‍ക്കാരല്ല പോലീസാണ് അന്വേഷണം നടത്തുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചു കളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇതിനിടെ സംഭവവുമായി ബന്ധമുണ്‌ടെന്ന് ആരോപണമുയര്‍ന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സഭയില്‍ ചോദിച്ചു.