നിയമസഭയില കൈയ്യാങ്കളി: രണ്ട് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
17 October 2011

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ കൈയ്യാങ്കളിയുമായും വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചതുമായും ബന്ധപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎല്‍എമാരെ രണ്ടു ദിവസത്തേക്ക് നിയമസഭയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. സിപിഎം എംഎല്‍എമാരായ ജയിംസ് മാത്യു, ടി.വി.രാജേഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അവതരിപ്പിച്ചത്. സഭ ഇതു ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.

Support Evartha to Save Independent journalism

നേരത്തെ, ഭരണ- പ്രതിപക്ഷ കക്ഷി നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചക്കു പിന്നാലെ ആരോപണ വിധേയരായ എംഎല്‍എമാര്‍ സ്പീക്കറെ കണ്ട് വിശദീകരണം അറിയിച്ചിരുന്നു. ഇതിനു പിന്നാലെ സഭ തുടങ്ങിയപ്പോള്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ സഭയില്‍ കഴിഞ്ഞദിവസമുണ്ടായ സംഭവങ്ങളുടെ പേരില്‍ രണ്ട് എംഎല്‍എമാരും തന്നെ വന്നുകണ്ട് ഖേദം അറിയിച്ചുവെന്നും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചത് മനപൂര്‍വമല്ലെന്നും ബഹളത്തിനിടെ സംഭവിച്ചതാണെന്നും അറിയിച്ചു. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യമില്ലെന്നാണ് സ്പീക്കര്‍ സൂചിപ്പിച്ചത്. എന്നാല്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചതിലല്ല തങ്ങള്‍ മുന്‍പു സ്പീക്കറെ കണ്ട് ഖേദം പ്രകടിപ്പിച്ചതെന്നും സഭാധ്യക്ഷനായ സ്പീക്കര്‍ക്കറുടെ ചെയറിനുനേര്‍ക്ക് ബഹളമുണ്ടാക്കി വന്നതിനാണ് ഖേദം പ്രകടിപ്പിച്ചതെന്നും രണ്ടു എംഎല്‍എമാരും അറിയിച്ചു.

ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സഭയിലുണ്ടായ ദൗര്‍ഭാഗ്യകരമായ നടപടികളുടെ പേരില്‍ എംഎല്‍എമാരായ ജയിംസ് മാത്യു, ടി.വി.രാജേഷ് എന്നിവരെ രണ്ടുദിവസത്തേക്ക് സസ്‌പെന്‍ഡു ചെയ്യണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രമേയം. പ്രമേയം അവതരിപ്പിച്ചതിനുപിന്നാലെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി കുത്തിയിരുന്നു. തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിയുകയാണെന്നു സ്പീക്കര്‍ അറിയിച്ചു.