ടേബിള്‍ ടെന്നിസ് ഏഷ്യന്‍ ടീമില്‍ മറിയ റോണി

single-img
16 October 2011

ടേബിള്‍ ടെന്നിസ് ഏഷ്യന്‍ ടീമിലേക്ക് ആലപ്പുഴയിലെ മറിയ റോണി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ഏക പ്രതിനിധിയാണ് മറിയ റോണി. പതിനഞ്ചു വയസിനു താഴെ പ്രായമുള്ള വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഏഷ്യന്‍ ടീമിലേക്ക് ഒരു പെണ്‍കുട്ടി തെരഞ്ഞെടുക്കപ്പെടുന്നത്.

കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റിക്കയിലെ സാന്‍ ജൂവാനില്‍ 2012 ജനുവരി 14 മുതല്‍ 22 വരെ സംഘടിപ്പിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മറിയ മത്സരിക്കും. ഏഷ്യന്‍ കേഡറ്റ് ഗേള്‍സ് ടീമില്‍ മറിയ റോണിയോടൊപ്പം ലിയു ഗവോയാംഗ് (ചൈന), കിം ജിസൂന്‍ (കൊറിയ), ഡൂ ഹോയി കെം (ഹോങ്കോങ്ങ്) എന്നിവരാണുള്ളതെന്ന് ഏഷ്യന്‍ ടീം മാനേജര്‍ റെബേക്ക, ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ ഡി.ആര്‍.ചൗധരി എന്നിവര്‍ അറിയിച്ചു. മത്സരത്തിനു മുന്നോടിയായി മൂന്നു ദിവസത്തെ ഒഫിഷ്യല്‍ ട്രെയിനിംഗ് ക്യാമ്പും പ്യൂര്‍ട്ടോ റിക്കയിലുണ്ട്. കൊറിയയില്‍ നിന്നുള്ള ടി.ടി വിദഗ്ധനായിരിക്കും ടീം കോച്ച്. ന്യൂഡല്‍ഹിയില്‍ നടത്തിയ പതിനേഴാമതു ഏഷ്യന്‍ ജൂനിയര്‍ ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് മത്സരഫലത്തെ അടിസ്ഥാനമാക്കിയായിരുന്നു ഏഷ്യന്‍ ടീം തെരഞ്ഞെടുപ്പ്. കേരളത്തില്‍ നിന്നുള്ള ഏക ഇന്ത്യന്‍ പ്രതിനിധിയായിരുന്നു മറിയ.

ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, നോര്‍ത്ത് അമേരിക്ക, ഓഷ്യാനിയ എന്നീ ആറു കോണ്ടിനെന്റല്‍ ടീമുകളും വേള്‍ഡ് ഹോപ്‌സ് ടീമും പ്യൂര്‍ട്ടോ റിക്ക ടീമും ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ടീം, ഡബിള്‍സ്, സിംഗിള്‍സ് ഈവന്റുകളാണുള്ളത്. ഗ്ലോബല്‍ കേഡറ്റ് ചലഞ്ച്-2011-ന്റെ അടയാള വാചകം ’വിത്ത് ഫ്യൂച്ചര്‍ ഇന്‍ മൈന്‍ഡ്’ (ഭാവി മനസില്‍ വച്ച്) എന്നതാണെന്നു സംഘാടകരായ പ്യൂര്‍ട്ടോ റിക്ക ടേബിള്‍ ടെന്നിസ് അസോസിയേഷന്റെ പ്രസിഡന്റ് ഐവാന്‍ സാന്റോസ് എടുത്തുകാട്ടി.

ഇതിനകം വിവിധ റിക്കാര്‍ഡുകള്‍ക്ക് ഉടമയാണ് മറിയ. പതിനൊന്നാം വയസില്‍ കേഡറ്റ് വിഭാഗത്തിലായിരുന്ന മറിയ, വനിതാ വിഭാഗത്തില്‍ വിജയിയായി. 2008-ല്‍ ആലപ്പുഴയില്‍ നടത്തിയ അഖില കേരള ടൂര്‍ണമെന്റിലായിരുന്നു അത്. 2008-ല്‍ തന്നെ വിജയവാഡയില്‍ നടന്ന ദേശീയ ടൂര്‍ണമെന്റില്‍ കേഡറ്റ് വിഭാഗത്തില്‍ കേരളം ആദ്യമായി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ ടീം ക്യാപ്റ്റന്‍ മറിയയായിരുന്നു. സംസ്ഥാനതലത്തിലുള്ള ടൂര്‍ണമെന്റില്‍ ഒരുമിച്ചു നാലു ടൈറ്റിലുകള്‍ നേടിയ ചരിത്രവും മറിയയ്ക്കുണ്ട്. 2010-ല്‍ ഇരിങ്ങാലക്കുടയില്‍ നടത്തിയ ടൂര്‍ണമെന്റില്‍ സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, വനിതാ വിഭാഗങ്ങളില്‍ മറിയ വിജയക്കൊടി വീശി.

അമേരിക്കയിലെ മില്‍വോക്കിയില്‍ ഈ വര്‍ഷം നടന്ന യുഎസ് ഓപ്പണ്‍ ടേബിള്‍ ടെന്നിസില്‍ മറിയ റോണി ഉള്‍പ്പെട്ട ഇന്ത്യന്‍ ഡബിള്‍സ് ടീം ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. സിംഗിള്‍സില്‍ ക്വാര്‍ട്ടറിലും എത്തിയിരുന്നു. കൂടാതെ ഈ വര്‍ഷം തന്നെ നടന്ന രണ്ടു ടേബിള്‍ ടെന്നിസ് ലോക പ്രോ ടൂര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മറിയ പങ്കെടുത്തു മികവു പ്രകടിപ്പിച്ചു. ഫ്രാന്‍സിലെ മെറ്റ്‌സില്‍ നടന്ന ഫ്രഞ്ച് ജൂനിയര്‍ ആന്‍ഡ് കേഡറ്റ് ഓപ്പണിലും സ്‌പെയിനിലെ ബാര്‍സിലോണ ജിറോണയില്‍ നടന്ന സ്പാനിഷ് ജൂനിയര്‍ ആന്‍ഡ് കേഡറ്റ് ഓപ്പണിലും ഇന്ത്യയെ കേഡറ്റ് വിഭാഗത്തില്‍ പ്രതിനിധീകരിച്ചു. ഇരു ടൂര്‍ണമെന്റിലും മറിയ സിംഗിള്‍സില്‍ പ്രീക്വാര്‍ട്ടറിലും ഡബിള്‍സില്‍ ക്വാര്‍ട്ടറിലും എത്തിയിരുന്നു.

ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാഡമിയിലാണ് മറിയ റോണി (14) വര്‍ഷങ്ങളായി പരിശീലനം നടത്തുന്നത്. ബോബി ജോസഫാണ് കോച്ച്. എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയാണ് കാഞ്ഞിക്കല്‍ കല്ലുപുരയ്ക്കല്‍ റോണി മാത്യുവിന്റേയും റീനാ റോണിയുടേയും മകളായ മറിയ റോണി. സഹോദരന്‍ കെ.സി. മാത്യു മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥന്‍.