സാന്‍ഡ്‌വിച്ചിനുള്ളിലെ ഏറുപടക്കം

single-img
15 October 2011

ഒരു സിനിമയ്ക്ക് പേരിടാന്‍ പല കാരണങ്ങള്‍ കാണും. സിനിമയുടെ കഥയുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്‍ സിനിമ നടക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ടതോ അതുമല്ലെങ്കില്‍ നായകനോ നായികയോ അങ്ങനെയുള്ള കഥാപാത്രങ്ങളുമായി ബന്ധമുള്ള പേരുകളോ ആയിരിക്കും സിനിമയ്ക്കുണ്ടാകുക. എന്നാല്‍ ഇതൊന്നുമല്ലാതെ, സിനിമയുമായി യാതൊരു ബന്ധവുമില്ലാതെ വഴിയേ പോയപ്പോള്‍ ഏതോ ബേക്കറിയുടെ ബോര്‍ഡില്‍ കണ്ട പേരുമായി സംവിധായകന്‍ മനു പ്രേക്ഷകരെ പരീക്ഷിക്കുവാന്‍ ഇറങ്ങിയിരിക്കുന്നു- സാന്‍ഡ്‌വിച്ച്. പക്ഷേ സിനിമകാണുന്നവര്‍ക്ക് ഇത് പരീക്ഷണം മാത്രമല്ല, ഒരു ജീവപര്യന്തം ശിക്ഷകൂടിയാണ്.

സാള്‍ട്ട് ആന്റ് പെപ്പര്‍ സിനിമ ഇറങ്ങി വിജയം കണ്ടപ്പോള്‍ അതിനുപിറകേ ഭക്ഷണ സാധനങ്ങളുടെ പേരുകളുമായി സിനിമകളുടെ ഒരു ഘോഷയാത്രതന്നെയുണ്ടാകുമെന്ന് വിവരമുള്ളവര്‍ ആരോ അന്ന് പ്രവചിച്ചിരുന്നു. പ്രവചനം ശരിവച്ചുകൊണ്ട് ആ ശ്രേണിയിലെ രണ്ടാമത്തെ ചിത്രം സാന്‍ഡ്‌വിച്ചിന്റെ രൂപത്തില്‍ പ്രേക്ഷകരെ തേടിയെത്തിയിരിക്കുന്നു. ഇതുവരെയുള്ള മലയാളത്തിലെ നല്ല പേരുകളൊക്കെ സിനിമകള്‍ കൊണ്ടുപോയതിനാല്‍ ഇനി ഇതുപോലുള്ള പേരുകളും പ്രതീക്ഷിക്കാമെന്ന് സൂചന കൂടി ഈ സിനിമ തരുന്നുണ്ട്.

പേരില്‍ മാത്രമല്ല സാന്‍ഡ്‌വിച്ചിന് പ്രത്യേകത. കഥയിലുമുണ്ട് അത്. കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാകരുത്, അഥവാ എന്തെങ്കിലും മനസ്സിലായാല്‍ അത് പുറത്തുപറയാന്‍ സാധിക്കരുത് എന്ന ഉദ്ദേശത്തോടുകൂടിയെഴുതിയ മനോഹരമായ തിരക്കഥയാണിത്. മലയാളത്തില്‍ ഇത്തരത്തിലുള്ള പരീക്ഷണം ഇതാദ്യം. ഇങ്ങനെയുള്ള പരീക്ഷണചിത്രങ്ങളാണ് ഭാഷാചിത്രങ്ങളുടെ (ചീത്ത)പേര് കാലകാലങ്ങളോളം നിലനിര്‍ത്തുന്നതെന്ന ബോധം നമുക്കെന്നുംമുണ്ടാകണം. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എന്തിനീ സിനിമ ചെയ്തു എന്നു ചോദിച്ചാല്‍ കണ്ടുകഴിഞ്ഞവര്‍ക്ക് വ്യക്തമായ ഒരുത്തരം കാണില്ല. അതല്ല ചിലപ്പോള്‍ ഉദ്ദേശിച്ച സംഭവം ഒന്നും അതു പൂര്‍ത്തയായപ്പോള്‍ ഇങ്ങനെ മറ്റൊന്നുമായിപ്പോയതായിരിക്കാം. അങ്ങനെയാണെങ്കില്‍ അവരെ കുറ്റംപറഞ്ഞിട്ട് കാര്യവുമില്ല.

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ കുഞ്ചാക്കോ ബോബന്‍ കാണിക്കുന്ന ശ്രദ്ധയില്ലായ്മ ഇനിയൊരിക്കല്‍കൂടി അദ്ദേഹത്തിന് ദോഷമായി മാറാം. അങ്ങനെ വന്നാല്‍ പിന്നൊരു തിരിച്ചുവരവ് ഉണ്ടാകാന്‍ വലിയ പ്രയാസമായിരിക്കുമെന്നതും അദ്ദേഹം ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഒത്തിരി പുതുമുഖങ്ങള്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങിയിരിക്കുന്ന വേദിയാണ് മലയാള സിനിമയെന്ന നിലയില്‍ ഇനിയൊരു മടങ്ങിവരവ് വളരെ പ്രയാസമുള്ള കാര്യമാണെന്നതാണ് സത്യം. കഴിഞ്ഞ ചിത്രമായ ഡോ ലവും എന്തോ ഭാഗ്യം കൊണ്ട് വിജയിച്ച ചിത്രമാണ്. അന്നത്തെ സാഹചര്യമനുസരിച്ച് വേറൊരു ചിത്രവുമില്ലാത്ത അവസ്ഥയില്‍ പ്രേക്ഷകര്‍ കേറിക്കണ്ട് വിജയിപ്പിച്ചുകൊടുത്ത ചിത്രം.

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ സായ് (കുഞ്ചാക്കോ ബോബന്‍) വെള്ളിയാഴ്ച പാര്‍ട്ടിയും കഴിഞ്ഞ് വീട്ടിലേക്ക് രുന്നവഴി ഒരു ആക്‌സിഡന്റില്‍ പെടുന്നു. സായ് സഞ്ചരിച്ച കാര്‍ ഒരു ഓമ്‌നി വാനിലിടിച്ച് ആ നാട്ടിലെ കുപ്രസിദ്ധഗുണ്ട കൊല്ലപ്പെടുന്നു. കുട്ടത്തില്‍ പ്രസ്തുത ഗുണ്ടയുടെ അനുജന്‍ മുരുകന്‍ (വിജയകുമാര്‍) സായിയെ ആക്രമിക്കുന്നുണ്ടെങ്കിലും പിറകില്‍ നിന്നും പോലീസു വരുന്നതിനാല്‍ ‘നോക്കിവച്ചിട്ട്’ രക്ഷപ്പെടുന്നു. കൊല്ലപ്പെട്ടത് പോലീസിന് തലവേദനയായ ഗുണ്ടയായതുകൊണ്ട് നല്ലവനായ സി.ഐ. (ഗണേഷ്‌കുമാര്‍) സായിയുടെ അച്ഛന്റെയും (ലാലു അലകസ്) വക്കീലിന്റെയും ജാമ്യത്തില്‍ സായിയെ വിടുന്നു. എന്നാല്‍ പ്രതീകാരദാഹിയായി മുരുകന്‍ സായിയുടെ പിറകേ നടക്കുന്നു.

ഇവിടെയാണ് പ്രേക്ഷകരെ പുളകമണിയിക്കുന്ന ഒരു കാര്യം സംവിധായകന്‍ പറയുന്നത്. വേറൊന്നുമല്ല, ഈ ചിത്രം ഒരു കോമഡിയാണ് എന്ന്. കാരണം ഗുണ്ട മുരുകന്‍ കാണിക്കുന്നത് മുഴുവനും കോമഡികളാണ്. കൂടെയുള്ള ഗുണ്ടകള്‍ മിമിക്‌സ് ബാലകളിലൊക്കെ കാണുംപോലെയുള്ള മണ്ടന്‍മാരായ ഗുണ്ടകളും. ഇവര്‍ മനഃപൂര്‍വം പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ടി വന്നവരാണെന്ന സത്യം പതുക്കെ നമ്മള്‍ തിരിച്ചറിയുന്നു. ഈ സമയത്താണ് ആണ്ടിപ്പെട്ടിനായ്ക്കര്‍ (സുരാജ്) സായിക്ക് പ്രൊട്ടക്ഷനുമായി വരുന്നത്. ഈ ആണ്ടിപ്പെട്ടിക്ക് മുരുകനോടും അവന്റെ ചേട്ടനോടുമുള്ള പകയ്ക്ക് എന്തക്കയോ കാരണങ്ങള്‍ വിളമ്പുന്നുമുണ്ട്. എന്തിനു പറയുന്നു സായിക്ക് വേണ്ടി സ്വന്തം മകള്‍ക്ക് കല്ല്യാണാലോചനവരെ ആണ്ടിപ്പെട്ടിനായ്ക്കര്‍ നടത്തുന്നു. പറയാന്‍ മറന്നു- സായിക്ക് ഒരു കാമുകിയുണ്ട് (റിച്ച). രണ്ടു വീട്ടുകാരുമറിഞ്ഞുകൊണ്ടുള്ള സെറ്റപ്പാണ്. ഇടയ്ക്ക് ആണ്ടിപ്പെട്ടിയും മുരുകനുമായുള്ള പ്രശ്‌നങ്ങള്‍ കാരണം കാമുകിയുടെ അച്ഛന്‍ (ശ്രീകുമാര്‍) വിവാഹത്തില്‍ നിന്നും പിന്‍വാങ്ങാന്‍ ശ്രമം നടത്തുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ പിടിവാശിക്ക് മുന്നില്‍ ആ പാവം അച്ഛന് തോറ്റു പിന്‍മാറേണ്ടിവരുന്നു. (ഈ സീനുകളാണ് ഈ സനിമയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍).

ഒടുവില്‍ ഈ ആണ്ടിപ്പെട്ടിയുടെ മകള്‍ (അനന്യ) സായിയോടു സത്യം പറയുന്നു. സായിയുടെ യഥാര്‍ത്ഥ ശത്രു മുരുകനല്ലെന്നും സ്വന്തം അച്ഛനാണെന്നും. കണ്ടുകൊണ്ടിരുന്നവര്‍ ഞട്ടി. (തിരക്കഥയെഴുതിയ ആള്‍ എഴുതിതീര്‍ന്ന് ഒന്നുകൂടി വായിച്ചുനോക്കിയപ്പോള്‍തന്നെ ഞട്ടിപ്പോയി. പന്നെയാ പാവം പ്രേക്ഷകര്‍). ഇനിയാണ് സിനിമയുടെ ത്രില്ലിങ്ങ് ഭാഗം വരുന്നത്. നല്ലവനായ ആ പോലീസ് ഓഫീസറുടെ സഹായത്തോടെ ആണ്ടിപ്പെട്ടിയേയും മുരുകനേയും സമര്‍ത്ഥമായി കബളിപ്പിച്ച് (സാമര്‍ത്ഥ്യം കണ്ടാല്‍ ആണ്ടിപ്പെട്ടിയായി അഭിനയിക്കുന്ന സുരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ”പെറ്റതള്ള സഹിക്കൂല”) തീവ്രവാദികളായി മുദ്രകുത്തി ജയിലില്‍ (വെറും ജയിലല്ല- തീഹാര്‍ ജയില്‍) അടയ്ക്കുന്നു. കണ്ടുതീര്‍ന്നവന്റെ കണ്ണില്‍ക്കൂടി പൊന്നീച്ചയും വായില്‍ക്കൂടി നല്ലതെറിയും പുറത്തുവരുന്നത് സ്വാഭാവികം.

അഭിനയിക്കുന്നവരെ ആരെയും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവരോട് നമുക്ക് ദേഷ്യം തോന്നിയിട്ട് എന്തു കാര്യം? പിന്നെ അണിയറപ്രവര്‍ത്തകര്‍. അവരെയും പറഞ്ഞിട്ട് കാര്യമില്ല. ഒന്നുമില്ലായ്മയില്‍ നിന്നും ചെയ്യാവുന്നതിന്റെ മാക്‌സിമം സംവിധായകനും കൂട്ടരും ചെയ്തിട്ടുണ്ട്. അറിയാവുന്നതല്ലേ ചെയ്യാന്‍ പറ്റൂ. പിന്നെ ആരാ ഇവിടെ തെറ്റുകാര്‍ എന്നു ചോദിച്ചാല്‍, എന്താ പറയുക- എല്ലാ ചവറിനും ചെന്ന് തലവെച്ചുകൊടുക്കുന്ന നമ്മള്‍ പ്രേക്ഷകര്‍ തന്നെ. പക്ഷേ പ്രേക്ഷകര്‍ക്കറിയില്ലല്ലോ സാന്‍ഡ്‌വിച്ചിനകത്ത് വച്ചുതരുന്നത് ഉഗ്രന്‍ ഏറുപടക്കമാണെന്ന്.

കുറിപ്പ്: സാള്‍ട്ട് ആന്റ് പെപ്പര്‍ കഴിഞ്ഞു. സാന്റ്‌വിച്ച് ദാ ഇപ്പോള്‍ എത്തി. ഇനി പെറോട്ട, ഉപ്പുമാവ്, ഉണ്ടന്‍പൊരി, ഏത്തയ്ക്കാപ്പം തുടങ്ങിയ സിനിമകള്‍ ഉടന്‍തന്നെ പ്രതീക്ഷിക്കാം.