പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ചോദ്യോത്തര വേളയ്ക്കിടെ നിയമസഭയില്‍ പ്രതിപക്ഷ ബഹളവും മുദ്രാവാക്യം വിളിയും.
കോഴിക്കോട് വെടിവെയ്പ്പിനെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിലറങ്ങി. ബഹളം നിയന്ത്രണാതീതമായതിനെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
പോലീസ് നടപടിയില്‍ പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരുടെ രക്തംപുരണ്ട വസ്ത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി സഭയുടെ നടുത്തളത്തിലറങ്ങിയത്. കോഴിക്കോട്ട് എസ്എഫ്ഐ മാര്‍ച്ചിനിടെയുണ്ടായ പൊലീസ് വെടിവെയ്പിന്റെ പത്രവാര്ത്തകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇന്നു നിയമസഭയില്‍ എത്തിയത്.
നേരത്തെ സഭ സമ്മേളിച്ച ഉടനെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് എ.കെ.ബാലനെ ചോദ്യം ഉന്നയിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. പാഠപുസത്കത്തെ കുറിച്ചുള്ള ചോദ്യം ചോദിക്കുന്നതിനിടെയാണ് ബാലന് സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്.
മുഖ്യചോദ്യവുമായി ബന്ധപ്പെട്ട ഉപചോദ്യങ്ങളെ പാടുള്ളുവെന്നും വിഷയത്തില്‍ നിന്നു മാറി ചോദ്യം അനുവദിക്കാന്‍ കഴിയില്ലെന്നും ബാലന് പ്രത്യേക അനുമതി നല്‍കാനാവില്ലെന്നും സ്പീക്കര്‍ ജി.കാര്ത്തികേയന് വ്യക്തമാക്കി. തുടര്‍ന്നു പ്രതിപക്ഷാംഗങ്ങള്‍ ബഹളം വയ്ക്കുകയായിരുന്നു.