നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

single-img
10 October 2011

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ ബഹളത്തെ തുടര്‍ന്ന് നിയമസഭ തടസപ്പെട്ടു. മന്ത്രി കെ.സി. ജോസഫിന്റെ പഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട ഒരാള്‍ പ്രതിപക്ഷ അംഗമായ എം.എ. ബേബിക്ക് നേരെ മോശം അംഗവിക്ഷേപത്തിലൂടെ ആക്ഷേപിച്ചെന്ന ആരോപണമാണ് ബഹളത്തിനിടയാക്കിയത്.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറെ മാറ്റിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി മറുപടി പറയവേ ആയിരുന്നു സംഭവം. മന്ത്രിയുടെ സ്റ്റാഫിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ആരംഭിച്ചു. തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കര്‍ സഭ നിര്‍ത്തിവച്ചതായി അറിയിച്ച ശേഷവും ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ വാക്കേറ്റം തുടര്‍ന്നു.

അരമണിക്കൂറോളം നിര്‍ത്തിവച്ച ശേഷം നാല് മണിയോടെ സഭ വീണ്ടും ആരംഭിച്ചു. ഉദ്യോഗസ്ഥന്‍ അംഗവിക്ഷേപം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.