നിര്‍മല്‍ മാധവ് പ്രശ്‌നം: കോഴിക്കോട് എഞ്ചിനീയറിംഗ് കോളജില്‍ സംഘര്‍ഷം

single-img
10 October 2011

കോഴിക്കോട്: സര്‍വകലാശാല ചട്ടങ്ങള്‍ മറികടന്ന് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ നിയമവിരുദ്ധമായി പ്രവേശനം നേടിയതെന്നാരോപിച്ച് നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥി കോളജില്‍ പ്രവേശിക്കുന്നത് തടയാനെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരും നേരിടാനെത്തിയ പോലീസും തമ്മില്‍ നടന്ന ഏറ്റുമട്ടല്‍ വെസ്റ്റ് ഹില്‍ എഞ്ചിനീയറിംഗ് കോളജ് പരിസരം യുദ്ധക്കളമായി. ഇന്നു രാവിലെയാണ് കോളജിനു മുന്നില്‍ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്.

Support Evartha to Save Independent journalism

വിദ്യാര്‍ഥിസമരത്തെ തുടര്‍ന്ന് മാസത്തിലധികമായി അടച്ചിട്ട ഗവ.എഞ്ചിനീയറിംഗ് കോളജ് ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള നീക്കമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് വീണ്ടും അനിശ്ചിതത്വത്തിലായത്. നിയമ വിരുദ്ധമായാണ് നിര്‍മല്‍ മാധവ് പ്രവേശനം നേടിയതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ആരോപിച്ച് എസ്എഫ്‌ഐ തുടര്‍ന്നുവരുന്ന സമരമാണ് ഇന്നു രാവിലെ പോലീസും വിദ്യാര്‍ഥികളും തമ്മിലുള്ള തെരുവു യുദ്ധത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.ബിജു ഉള്‍പ്പടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. നിര്‍മല്‍ മാധവിനെ ഉപരോധിക്കാന്‍ എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ ഒരു പോലീസ് ജീപ്പും തകര്‍ന്നു.

പോലീസും വിദ്യാര്‍ഥികളും തമ്മില്‍ നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയതുകാരണം ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. സമരക്കാരെ പിരിച്ചു വിടാന്‍ പോലീസ് നരവധി തവണ ടിയര്‍ ഗ്യാസ് പൊട്ടിച്ചതും പോലീസിനെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ കല്ലേറും വെസ്റ്റ്ഹില്‍ ഭാഗത്ത് യുദ്ധ സമാനമായ അന്തരീക്ഷമാണ് ഉണ്ടായക്കിയത്. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം നടക്കാവ് സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ ഏഴിന് നിര്‍മല്‍ മാധവിനെ രഹസ്യമായി കോളജില്‍ പ്രവേശിപ്പിച്ച് ക്ലാസ് നടത്താന്‍ നടത്തിയ നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.