കസബിന്റെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു

single-img
10 October 2011

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബിന്റെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. അടുത്തവര്‍ഷം ജനുവരി 31വരെയാണ് സ്റ്റേ.

വധശിക്ഷക്കെതിരെ കസബ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ അഫ്താബ് ആലം, രാജേന്ദ്രപ്രകാശ് ദേശായി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കസബിന്റെ ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസ് അയക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.

കസബിന്റെ ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിന് സുപ്രീംകോടതിയെ സഹായിക്കാനായി മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനെ അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചിരുന്നു. ജയില്‍ അധികൃതര്‍ വഴിയാണു കസബ് സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം മേയ് ആറിന് പ്രത്യേക വിചാരണക്കോടതി കസബിനു വിധിച്ച വധശിക്ഷ ബോംബെ ഹൈക്കോടതി നേരത്തേ ശരിവച്ചിരുന്നു.

കേസില്‍ ഫഹീം അന്‍സാരി, സബാബുദ്ദീന്‍ അഹമ്മദ് എന്നിവരെ വെറുതേ വിട്ടതിനെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കാമെന്നു സുപ്രീംകോടതി നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ഈ ഹര്‍ജിക്കൊപ്പം കസബിന്റെ അപ്പീലും പരിഗണിക്കണമെന്ന അഭ്യര്‍ഥന സുപ്രീംകോടതി നിരാകരിച്ചു.