അഡ്വാനിയുടെ ജനചേതനാ യാത്ര ഇന്നു മുതല്‍

single-img
10 October 2011

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ ജനരോഷത്തിനു പിന്നിലെ പ്രധാന കാരണം യുപിഎയ്ക്കു നേതൃത്വമില്ലാത്തതാണെന്നു മുതിര്‍ന്ന ബിജെപി നേതാവ് എല്‍. കെ. അഡ്വാനി. അഴിമതിക്കും വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തിനുമെതിരേ ഇന്നു ബിഹാറിലെ സിതാബ്ദിയാരയില്‍നിന്നാരംഭിക്കുന്ന ജനചേതന യാത്രയ്ക്കു മുന്നോടിയായി ഇന്നലെ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേയാണ് യുപിഎ സര്‍ക്കാരിനെതിരേ അഡ്വാനി ആഞ്ഞടിച്ചത്.

മികച്ചതും സുതാര്യവുമായ ഭരണം കാഴ്ചവയ്ക്കുമെന്ന വാഗ്ദാനം രഥയാത്രയില്‍ മുന്നോട്ടുവയ്ക്കുമെന്ന് അഡ്വാനി പറഞ്ഞു. യുപിഎയുടെ ഭരണത്തില്‍ ധാര്‍മികമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇതാണു സര്‍ക്കാരിനെതിരായ ജനരോഷത്തിനു വഴിവച്ചതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും കള്ളപ്പണവും സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം നല്കിയതിനു പൊതുസമൂഹത്തെ അഡ്വാനി അഭിനന്ദിച്ചു.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു സുപ്രധാന പങ്കുണെ്ടന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ ആരോഗ്യം രാഷ്ട്രീയ പാര്‍ട്ടികളെ ആശ്രയിച്ചാണിരിക്കുന്നത്. ബിജെപിക്ക് നേതൃദാരിദ്ര്യമില്ല. തെരഞ്ഞെടുപ്പിനുശേഷം നേതൃത്വവിഷയത്തില്‍ തീരുമാനമെടുക്കുമെന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചോദ്യത്തിന് അഡ്വാനി മറുപടി പറഞ്ഞു.