കൊച്ചി ഇന്‍ഫോപാര്‍ക്ക് സിഇഒ നിയമനം: വിഎസിനെതിരെ പി.സി.ജോര്‍ജ്

single-img
6 October 2011

കോട്ടയം: കൊച്ചി ഇന്‍ഫോപാര്‍ക്ക് സിഇഒ നിയമനത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമവിരുദ്ധമായി ഇടപെട്ടെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്.

മുന്‍ എം.പി. സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധുവായ ജിജോ ജോസഫ് എന്നയാളെ മാനദണ്ഡങ്ങള്‍ മറികടന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്കു നിയമിക്കുന്നതില്‍ അച്യുതാനന്ദന്‍ ഗുരുതരമായ ക്രമക്കേടുകളാണു നടത്തിയത്. നിയമനത്തെക്കുറിച്ചു വിജിലന്‍സ് അന്വേഷണം വേണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിച്ച 99 പേരുടെ അപേക്ഷകളില്‍ 12 പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. ഇതില്‍ എട്ടു പേരുമായാണു നേരിട്ട് അഭിമുഖം നടത്തിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജെ. ജയകുമാര്‍, ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. അജയകുമാര്‍, ബാംഗളൂര്‍ ഐഐഎമ്മിലെ പ്രഫസര്‍ രാജീവ് ശ്രീനിവാസന്‍ എന്നിവരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണു പാനല്‍ തയാറാക്കിയത്. ഇവര്‍ നല്കിയ ലിസ്റ്റില്‍ ക്രമവിരുദ്ധമായി അച്യുതാനന്ദന്‍ ഇടപെടുകയായിരുന്നു.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പാനലിലേക്ക് ആദ്യം 12 പേരെ മുഖാമുഖത്തിനായി 2010 നവംബര്‍ 10ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. മികവിന്റെ അടിസ്ഥാനത്തില്‍ മൂന്നു പേരെ തസ്തികയിലേക്ക് അനുയോജ്യരെന്നു കണെ്ടത്തി. ഈ മൂന്നു പേരുടെ ലിസ്റ്റില്‍ രണ്ടാമനായിരുന്നു ഇപ്പോള്‍ ആരോപണവിധേയനായിട്ടുള്ള ജിജോ ജോസഫ്. ലിസ്റ്റ് സമര്‍പ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്ത മൂന്നു പേരുടെ ബയോഡേറ്റയും വിശദാംശങ്ങളും സമര്‍പ്പിക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍ നോട്ടില്‍ രേഖപ്പെടുത്തി. തുടര്‍ന്ന് മൂവരുടെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ഒന്നാം പേരുകാരനായ കിഷോര്‍ പിള്ളയുടെ അപേക്ഷ നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണു ലഭിച്ചതെന്നു കാണുന്നുവെന്നും, അതിനാല്‍ രണ്ടാമത്തെയാളെ പരിഗണിക്കാമെന്നും രേഖപ്പെടുത്തുകയുമായിരുന്നുവത്രേ.

ആദ്യം തയാറാക്കിയ മന്ത്രിസഭായോഗത്തിനുള്ള കുറിപ്പില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ 99 അപേക്ഷ ലഭിച്ചുവെന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുറിപ്പിലെ നിശ്ചിത സമയപരിധിക്കുള്ളില്‍ എന്ന ഭാഗം രണ്ടാംകുറിപ്പില്‍നിന്ന് അപ്രത്യക്ഷമാകാന്‍ കാരണം രണ്ടാം സ്ഥാനക്കാരനെ സിഇഒ ആയി നിശ്ചയിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.

ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നതാണ് വി.എസ്. അച്യുതാനന്ദന്‍ സെബാസ്റ്റ്യന്‍ പോ ളിനു ചെയ്തുകൊടുത്തതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. വിഎസിന്റെ പൊയ്മുഖം ഈ നീക്കത്തിലൂടെ അഴിഞ്ഞുവീണിരിക്കുകയാണ്. അഴിമതിയുടെ കാര്യത്തില്‍ വിഎസും പിണറായി വിജയനും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.