മുഖ്യമന്ത്രി വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല: ഗണേഷ്‌കുമാര്‍

single-img
6 October 2011

കൊച്ചി: ആര്‍. ബാലകൃഷ്ണപിള്ള പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നു വനം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. നിയമം അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്നയാളാണു മുഖ്യമന്ത്രി. അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം ഏത് ഏജന്‍സി അന്വേഷിച്ചാലും സത്യം പുറത്തുവരുമെന്ന ഉറപ്പു തനിക്കുണെ്ടന്നു പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നിയമവും ന്യായവുമനുസരിച്ചു മാത്രമേ മുഖ്യമന്ത്രി തീരുമാനമെടുത്തിട്ടുള്ളൂ.

അധ്യാപകന്‍ മൊഴിമാറ്റിപ്പറഞ്ഞ കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ആര്‍ക്കു വേണമെങ്കിലും ഗവര്‍ണറെ കാണാം. അത് അവരുടെ അവകാശമാണെന്നും ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷം ഗവര്‍ണറെ സമീപിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു.

നായനാര്‍ സര്‍ക്കാരാണു സിനിമ തിയേറ്ററുകളില്‍ രണ്ടു രൂപ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഈ പണം വേണ്ടവിധം വിനിയോഗിക്കപ്പെട്ടിട്ടില്ല. ചലച്ചിത്ര വികസന കോര്‍പറേഷനിലേക്കും അക്കാദമിയിലേക്കും അടയ്‌ക്കേണ്ട തുക പോലും അടച്ചിട്ടില്ല. ഇതിനാലാണു താത്കാലികമായി സര്‍വീസ് ചാര്‍ജ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ടു വിളിച്ച യോഗത്തില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെയും ക്ഷണിച്ചിരുന്നു. അവര്‍ പങ്കെടുത്തില്ല- മന്ത്രി ചൂണ്ടിക്കാട്ടി.

തിയറ്റര്‍ ക്ലാസിഫിക്കേഷന്‍ നടപടികള്‍ ഈ മാസം 17നു തുടങ്ങാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. രണ്ടു മാസത്തിനകം ടിക്കറ്റ് മെഷീന്‍ സംവിധാനവും ഏര്‍പ്പെടുത്തും. ക്ലാസിഫിക്കേഷന്‍ കഴിയുന്നതോടെ നല്ല തിയറ്ററുകളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടും. ഇതിനുശേഷം സര്‍വീസ് ചാര്‍ജ് അടക്കമുള്ളവ പുനഃസ്ഥാപിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.