ബാലകൃഷ്ണപിള്ള തന്നെ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്.ബാലകൃഷ്ണപിള്ള തന്നെയോ പ്രൈവറ്റ് സെക്രട്ടറിയേയോ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ പിള്ള വിളിച്ചുവെന്ന് പറയുന്ന സമയത്ത് താന്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പരിപാടിയിലായിരുന്നു. പിള്ളയുടെ ഫോണ്‍ വന്നു എന്നു പറയുന്ന നമ്പര്‍ ആ സമയം ചെങ്ങന്നൂരിനടുത്ത് മുളക്കുഴ ടവറിന്റെ പരിധിയിലായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്ക് ബാലകൃഷ്ണപിള്ളയോട് സംസാരിക്കണമെങ്കില്‍ നിയമപരമായി തന്നെ അതു ചെയ്യും. പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോള്‍ താന്‍ പിള്ളയെ ജയിലില്‍ പോയി കണ്ടിട്ടുണ്ട്. അത് പരസ്യമായിരുന്നു, മാധ്യമങ്ങള്‍ക്കും അറിയാം. മുഖ്യമന്ത്രിയായതിനു ശേഷം താന്‍ പിള്ളയെ കണ്ടത് പരോളില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയാണ്. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളി വിവാദത്തില്‍ പ്രതിപക്ഷം തെറ്റിദ്ധാരണ നിറഞ്ഞ വാര്‍ത്തകളാണ് പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മന്ത്രി ഗണേഷ്കുമാറിനെ പിള്ള ഫോണില്‍ വിളിച്ചിട്ടുണ്ടോയെന്ന് ചോദ്യത്തില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.