വാളകം സംഭവം; അധ്യാപകന്റെ മൊഴി രേഖപ്പെടുത്തി

single-img
1 October 2011

തിരുവനന്തപുരം: അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന വാളകം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ മൊഴി രേഖപ്പെടുത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാല്‍പത് മിനുട്ടോളം എടുത്താണ് മജിസ്‌ട്രേറ്റ് കൃഷ്ണകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.

രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോക്ടറെ ഉള്‍പ്പെടെ മുറിക്ക് പുറത്തിറക്കിയിരുന്നു. മജിസ്‌ട്രേറ്റും അദ്ദേഹത്തിന്റെ റൈറ്ററും മാത്രമാണ് മൊഴി രേഖപ്പെടുത്തുന്ന സമയത്ത് മുറിക്കുളളില്‍ ഉണ്ടായിരുന്നത്. മൊഴി വീഡിയോയില്‍ റെക്കോഡ് ചെയ്തതായും വിവരമുണ്ട്. മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കൊട്ടാരക്കര ഡിവൈഎസ്പിയും കൃഷ്ണകുമാറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ കൃഷ്ണകുമാര്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

മരുന്നുകളുടെ ആഘാതത്തില്‍ ഇടയ്ക്കിടെ അബോധാവസ്ഥയിലാകുന്ന കൃഷ്ണകുമാറിന് വ്യക്തമായി സംസാരിക്കാറായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. കഴിഞ്ഞ രണ്ടു ദിവസവും മജിസ്‌ട്രേറ്റ് മൊഴിയെടുക്കാനായി ആശുപത്രിയിലെത്തിയിരുന്നെങ്കിലും കൃഷ്ണകുമാറിന്റെ അരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ മൊഴിയെടുപ്പ് മാറ്റിവക്കുകയായിരുന്നു.