എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം സുപ്രീംകോടതി പൂര്‍ണമായി നിരോധിച്ചു

single-img
30 September 2011

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഭാവിയിലെ ഉല്‍പാദനം സുപ്രീംകോടതി പൂര്‍ണമായി നിരോധിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി. രാജ്യത്തെ ഉല്‍പാദനകേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കോടതി അനുമതി നല്‍കി.

ഉല്‍പാദന കേന്ദ്രങ്ങളില്‍ അവശേഷിക്കുന്ന 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ ശേഖരമാണ് കയറ്റി അയയ്ക്കാന്‍ കോടതി അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകര്‍ കോടതിയുടെ അനുമതി തേടിയിരുന്നു. കര്‍ശന വ്യവസ്ഥയോടെയാണ് കോടതി ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ ഒരു ഭാഗത്തും പരിസ്ഥിതി മലിനീകരണം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിവേണം കയറ്റുമതി ചെയ്യാനെന്ന് കോടതി നിര്‍ദേശിച്ചു. കസ്റ്റംസിന്റെയും മലിനീകരണ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും മേല്‍നോട്ടത്തില്‍ ഇക്കാര്യം ഉറപ്പുവരുത്തണം. ഇതിനു വേണ്ടിവരുന്ന ചെലവ് ഉല്‍പാദകര്‍ തന്നെ വഹിക്കണം.

എന്‍ഡോസള്‍ഫാന്റെ ദോഷങ്ങളില്‍ നിന്ന് ഇന്ത്യയിലെ ജനങ്ങളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം കോടതിക്കുണ്‌ടെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയയെ കൂടാതെ ജസ്റ്റീസുമാരായ കെ.എസ്. രാധാകൃഷ്ണന്‍, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാല്‍ മറ്റ് ലോകരാജ്യങ്ങളിലും എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഡിവൈഎഫ്‌ഐയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഇതിനുള്ള അധികാരം കോടതിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരസിച്ചത്. ഇന്ത്യയിലെ ജനങ്ങളുടെ ഭാവിയും സുരക്ഷയുമാണ് കണക്കിലെടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തെ എന്‍ഡോസള്‍ഫാന്‍ കയറ്റുമതിയെക്കുറിച്ച് പരിശോധിക്കാന്‍ കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞ മെയ് 13 ന് ഇടക്കാല ഉത്തരവിലൂടെ കോടതി എന്‍ഡോസള്‍ഫാന്റെ ഉല്‍പാദനവും വിപണനവും നിരോധിക്കുകയും ചെയ്തിരുന്നു.