ആര്‍. ബാലകൃഷ്ണപിള്ളയുടെ സ്‌കൂളിലെ അധ്യാപകനെ മര്‍ദ്ദിച്ചവശനാക്കിയ നിലയില്‍ കണ്ടെത്തി

single-img
28 September 2011

കൊട്ടാരക്കര: ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍വിഎച്ച്എസിലെ അധ്യാപകനെ അരയ്ക്ക് താഴെ കീറിമുറിച്ച് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്‌ടെത്തി. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. എച്ച്.എസിലെ അധ്യാപകനായ വാളകം സ്വദേശി കൃഷ്ണകുമാറിനാണ് പരിക്കേറ്റത്.

കൃഷ്ണകുമാറിന്റെ ഭാര്യ ഇതേ സ്‌കൂളിലെ പ്രഥമാധ്യാപികയാണ്. മാനേജ്‌മെന്റുമായി നിയമയുദ്ധം നടത്തിയാണ് അര്‍ഹതപ്പെട്ട പ്രമോഷന്‍ ഇവര്‍ നേടിയത്. ഇപ്പോഴും ഇത് സംബന്ധിച്ച് കേസ് തുടരുകയാണ്. അന്നുമുതല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഭീഷണി നിലനില്‍ക്കുകയാണെന്ന് ഭാര്യ ഗീത പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് വ്യക്തമാക്കി. പോലീസ് അന്വേഷണം തുടങ്ങി. വാളകം എംഎല്‍എ മുക്കിലെ റോഡില്‍ രാത്രിയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കാണപ്പെട്ട കൃഷ്ണകുമാറിനെ പോലീസ് എത്തി വാഹനാപകടമാണെന്ന് കരുതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെവച്ചാണ് ആക്രമണമാണെന്ന് അറിഞ്ഞത്.

തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണകുമാറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തിട്ടില്ല.