Muslim, National, Religion

ഹാജിമാർ ഇന്നു പുണ്യഭൂമിയിലേക്ക്.

കൊണ്ടോട്ടി:ഇന്നു  രാവിലെ 10.45ന് മുന്നൂറ് തീര്‍ഥാടകരുമായി കരിപ്പൂരില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുന്നതോടെ ഈ വര്‍ഷത്തെ തീര്‍ഥാടനത്തിന് തുടക്കമാകും. 10.45 നു സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എസ്‌.വി 5413 വിമാനം 300 തീര്‍ഥാടകരുമായാണു പറന്നുയരുക. ഈ വിമാനം ഉച്ചയ്‌ക്ക് 1.25 നു മദീന വിമാനത്താവളത്തിലെത്തും.കേരളത്തിന് പുറമെ ദല്‍ഹിയില്‍നിന്ന് മൂന്നും ലക്നോവില്‍നിന്ന് രണ്ടും ജയ്പൂര്‍, വരാണസി, ഗോഹട്ടി എന്നിവിടങ്ങളില്‍നിന്ന് ഒന്നു വീതവും വിമാനങ്ങള്‍ഇന്നു  എത്തും. എട്ടു ദിവസം മദീനയില്‍ ചെലവഴിച്ച ശേഷമാണ് ഇന്ത്യന്‍ ഹാജിമാര്‍ മക്കയിലേക്ക് നീങ്ങുക.കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന വരുന്ന 1,25,000 തീര്‍ഥാടകരില്‍ 68,000 പേരും ഹജ്ജിന് മുമ്പുതന്നെ മദീന സന്ദര്‍ശിക്കും. ബാക്കി 57,000 പേര്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ച ശേഷമാണ് പ്രവാചക നഗരിയില്‍ എത്തുക. ഹജ്ജിന് മുമ്പ് മദീനയിലെത്തുന്ന 68,000 തീര്‍ഥാടകരില്‍ 60,000 പേര്‍ നേരിട്ട് മദീനയില്‍ വിമാനമിറങ്ങുമ്പോള്‍, ബാക്കിയുള്ളവര്‍ ജിദ്ദയിലാണ് ഇറങ്ങുക.

എയര്‍ ഇന്ത്യയുടെ ഹജ്ജ് സര്‍വീസ് ഇത്തവണയും ഉണ്ടായിരിക്കുന്നതല്ല.     മദീനയില്‍ മലയാളി ഹാജിമാര്‍ക്ക് മുഴുവന്‍ ഹറം ശരീഫ് പള്ളിയുടെ ചുറ്റുവട്ടത്തിലുള്ള മർകസിയ്യ ഏരിയയില്‍ തന്നെ താമസം ലഭിക്കും. മദീനയിലെത്തുന്ന ഇന്ത്യന്‍ ഹാജിമാരെ വരവേല്‍ക്കാനും അവര്‍ക്ക് സേവനം നൽകാനും ഇന്ത്യന്‍ മിഷനും മദീനയിലെ മലയാളികളുടെ നേതൃത്വത്തിലുള്ള ഹജ്ജ് വെല്‍ഫെയര്‍ സംഘവും ഒരുങ്ങി. അതിനിടെ, കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷ മുഹ്‌സിന കിദ്വായി ഇന്ത്യയില്‍ നിന്ന് വരുന്ന ഹാജിമാര്‍ക്ക് സൗദിയില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ വിലയിരുത്തി. ഇന്ത്യന്‍ മിഷന്റെ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. കൊടും വേനല്‍ പടിയിറങ്ങുന്ന കാലാവസ്ഥ ഹാജിമാര്‍ക്ക് ഏറെ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ. തിരക്ക് വര്‍ധിക്കും മുമ്പേ എത്തുന്ന മലയാളി ഹാജിമാര്‍ക്ക് മദീനയിലും മക്കയിലും ആരാധനാനുഷ്ഠാനങ്ങള്‍ അനായാസമായി നിര്‍വഹിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തൽ.