പകര്‍ച്ചപ്പനി: പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി

single-img
27 September 2011

തിരുവനന്തപുരം: പകര്‍ച്ചപ്പനി വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു തോമസ് ഐസക് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.  എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് സംസ്ഥാനത്ത് ഇതുവരെ 300 പേരോളം മരണപ്പെട്ടിട്ടുണ്ട് . ആവശ്യത്തിനു മരുന്നും ഡോക്റ്റര്‍മാരുടെ സേവനവും ഇല്ലാതെ പതിനായിരക്കണക്കിനു രോഗികള്‍ വിവിധ ആശുപത്രിയില്‍ കഴിയുന്നുണ്ടെന്നു തോമസ് ഐസക് ചൂണ്ടിക്കാട്ടി.  എന്നാല്‍ സര്‍ക്കാര്‍ കണക്കു പ്രകാരം   179 പേര്‍ മാത്രമേ മരണപ്പെട്ടിട്ടുള്ളു.

Donate to evartha to support Independent journalism

ഇപ്പോഴും രോഗികള്‍ക്കു പുറത്തേക്കു മരുന്നിന് എഴുതി കൊടുക്കുന്നുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ നഷ്ടപരിഹാരത്തുകയായി 50,000 രൂപ നല്‍കിയിരുന്നു. ഇപ്പോള്‍ അത് ഒരു ലക്ഷം രൂപയെങ്കിലും നൽകേണ്ടിവരും.    എന്നാല്‍ എംഎല്‍എമാര്‍ അവരുടെ നിയോജക മണ്ഡലങ്ങളിലെ ആശുപത്രികളില്‍ മരുന്നു കുറവുണ്ടെന്ന് എഴുതി നല്‍കിയാല്‍ ലോക്കല്‍ പര്‍ച്ചേസിന് ഇന്നു തന്നെ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആവശ്യമായ മരുന്നുകള്‍ ആശുപത്രികളില്‍ ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. തെറ്റായ വിവരമാണ് നല്‍കിയതെങ്കില്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്നു സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു