തിരുവനന്തപുരം സ്‌കൂള്‍ വാന്‍ മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ചു

single-img
26 September 2011

തിരുവനന്തപുരം: കഠിനംകുളം ചാന്നാങ്കരയില്‍ സ്‌കൂള്‍ വാന്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നു കുട്ടികള്‍ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം ജ്യോതിനിലയം സ്‌കൂളിന്റെ വാനാണ് അപകടത്തില്‍പ്പെട്ടത്. പാര്‍വതി പുത്തനാറിലേക്കാണ് വാന്‍ മറിഞ്ഞത്. വാഹനത്തില്‍ 23 കുട്ടികള്‍ ഉണ്ടായിരുന്നു.

രക്ഷപെടുത്തിയ പത്ത് കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എടി ആശുപത്രിയിലും കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. വാന്‍ ഡ്രൈവര്‍ വിപിനെയും രക്ഷപെടുത്തിയിട്ടുണ്ട്. നാലാം ക്ലാസ് വിദ്യാര്‍ഥി ആരോമല്‍. എസ്. നായരാണ് മരിച്ചവരില്‍ ഒരു കുട്ടി. കണാതായ കുട്ടികള്‍ക്കായി പുഴയില്‍ തെരച്ചില്‍ തുടരുകയാണ്. സ്‌കൂള്‍ വാന്‍ ഫയര്‍ഫോഴ്‌സ് കരയ്‌ക്കെത്തിച്ചെങ്കിലും ഇതിനുള്ളില്‍ കുട്ടികളെ ആരെയും കണ്‌ടെത്താനായില്ല.

നാട്ടുകാരുടെ സമയോചിതമായ രക്ഷാപ്രവര്‍ത്തനമാണ് മരണനിരക്ക് കുറച്ചത്. അതേസമയം അപകടവിവരമറിഞ്ഞ് കാഴ്ചക്കാരായി സ്ഥലത്ത് തടിച്ചുകൂടിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു. വാഹനങ്ങളും കാഴ്ചക്കാരും തിങ്ങിനിറഞ്ഞ് റോഡില്‍ ഗതാഗതം തടസപ്പെട്ടത് കുട്ടികളെ ആശുപത്രിയിലെത്തിക്കുന്നതിന് പോലും തടസമായി.

റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍. ശക്തന്‍, വര്‍ക്കല കഹാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ചാന്നാങ്കര പാലത്തില്‍ കൈവരികളില്ലാത്ത ഭാഗത്താണ് വാഹനം പുഴയിലേക്ക് വീണത്. അപകട സ്ഥലത്തിന് 50 മീറ്റര്‍ അകലെ ഒരു കുട്ടിയെ വാഹനത്തില്‍ നിന്നിറക്കിയിരുന്നു. ഇതിനുശേഷം യാത്ര തുടരുമ്പോഴായിരുന്നു അപകടം. നായ കുറുകെ ചാടിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു.