ബി നിലവറ പിന്നീട് തുറക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ പിന്നീട് തുറക്കാമെന്ന് സുപ്രീംകോടതി. മറ്റ് നിലവറകളിലെ മൂല്യനിര്‍ണയവും സുരക്ഷയും ഉറപ്പാക്കിയ ശേഷം ബി നിലവറയുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു വിദഗ്ധ സമിതിയുടെ ശിപാര്‍ശ. ക്ഷേത്ര സ്വത്തുക്കളുടെ മൂല്യനിര്‍ണയത്തിനായി സുപ്രീംകോടതി നിയോഗിച്ച സമിതി നല്കിയ ഇടക്കാല ഉത്തരവിലെ ശിപാര്‍ശ കോടതി അംഗീകരിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ ആര്.വി. രവീന്ദ്രന് എ.കെ. പട്നായിക് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. ക്ഷേത്രത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കോടതി കര്‍ശന നിര്‍ദേശം നല്കി. സുരക്ഷയ്ക്കായി സംസ്ഥാന പോലീസ് തന്നെ മതിയെന്നും കോടതി നിര്‍ദേശിച്ചു. മാത്രമല്ല ക്ഷേത്രസ്വത്തുക്കളുടെ മൂല്യനിര്‍ണയത്തിന് വേണ്ടി വരുന്ന ചെലവില്‍ 25 ലക്ഷം രൂപ പ്രതിവര്‍ഷം ക്ഷേത്ര മാനേജ്മെന്റ് നല്‍കണം. ബാക്കി തുക സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിലവറകള്‍ക്ക് ചുറ്റും ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷാമതില്‍ കെട്ടണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.