ഭൂകമ്പം:മരണം 72 ആയി

single-img
19 September 2011

ഗാങ്‌ടോക്:വടക്കു കിഴക്കന്‍ സംസ്ഥനങ്ങളെയും ഉത്തരേന്ത്യയേയും പിടിച്ചുലച്ച ശക്തമായ ഭൂചലനത്തിൽ 72 മരണം.വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍മാത്രം 41 പേര്‍ മരിച്ചു.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.കനത്ത മഴയും മണ്ണിടിച്ചിലുംമൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണു

റിക്ടര്‍ സെ്കയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഞായറാഴ്ച വൈകിട്ട് 6.11ഓടെയാണ് സിക്കിമിലും ഉത്തരേന്ത്യയിലും നാശംവിതച്ചതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ രണ്ടു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഭൂകമ്പമാണു ഞായറാഴ്ച 6.11ന് അനുഭവപ്പെട്ടത്.വടക്കുകിഴക്കന്‍/ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ടിബറ്റ്, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. തിങ്കളാഴ്ച മേഘാലയ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഭൂകമ്പമുണ്ടായി.

സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. സിക്കിമിലെ രണ്ടു ജില്ലകളില്‍ ഇനിയും സൈനികര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. തകര്‍ന്ന കെട്ടിടങ്ങളില്‍ ചിലത് മണ്ണിടിച്ചിലില്‍ അപ്പാടെ മൂടിപ്പോയതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

ഭൂചലനത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രണ്ടു ലക്ഷംരൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപവീതവും നല്‍കും. സിക്കിം മുഖ്യമന്ത്രി പവന്‍ ചാംലിംഗ് അഞ്ചുലക്ഷം രൂപവീതവും ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് സിക്കിം സര്‍ക്കാര്‍ 50,000 രൂപവീതവും നല്‍കും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രണ്ടുലക്ഷം രൂപവീതം സഹായധനമായി നല്‍കും.