കാര്‍ത്തികേയന്റെ കാര്യത്തില്‍ സതീശന്‍ എവിടെയായിരുന്നുവെന്ന് പി.സി. ജോര്‍ജ്

single-img
14 September 2011

തിരുവനന്തപുരം: കോണ്‍ഗ്രസുകാരനായ കാര്‍ത്തികേയനെതിരെ കോടതിയന്വോഷണമാവശ്യെപ്പട്ടപ്പോള്‍ കോണ്‍ഗ്രസുകാരനായ വി. ഡി. സതീശന്‍ എവിടെയായിരുന്നുവെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ ചോദിക്കുന്നു. കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫും താനുമായും ഒരു പ്രശ്‌നവുമില്ലെന്നും വിജിലന്‍സ് കോടതി ജഡ്ജിക്കെതിരേ അയച്ച പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ പി.സി. ജോര്‍ജ് അറിയിച്ചു.

കഴിഞ്ഞ ദിവസം പി.സി. ജോര്‍ജിന്റെ ആരോപണങ്ങളെ നിഷേധിച്ച് പി.ജെ. ജോസഫ് രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയില്‍ പരാതി നല്‍കുമ്പോള്‍ പരാതി നല്‍കുന്ന ആള്‍ ആരാണെന്ന് പൂര്‍ണമായി വ്യക്തമാക്കണമെന്നുള്ളതുകൊണ്ടാണ് ചീഫ് വിപ്പിന്റെ ലെറ്റര്‍പാഡില്‍ പരാതി അയച്ചതെന്ന് പി.സി. ജോര്‍ജ് വിശദീകരിച്ചു. എന്നാല്‍ സ്വന്തം മേല്‍വിലാസത്തില്‍ എന്തുകൊണ്ട് പരാതി അയച്ചില്ലെന്ന ചോദ്യത്തിന് തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്നും പൊതുസമൂഹത്തില്‍ ആശങ്കയുള്ള പൗരനെന്ന നിലയിലാണ് പരാതി അയയ്ക്കുന്നതെന്ന് പരാതിയുടെ ആദ്യം തന്നെ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജിക്ക് മുറവിളികൂട്ടിയ പലരും ഇപ്പോള്‍ നിലപാട് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.