ബി നിലവറ തുറക്കണം: വിദഗ്ദസമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കി

single-img
13 September 2011

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധന നടത്തണമെന്നു വിദഗ്ധ സമിതി സുപ്രീംകോടതിക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വെള്ളിയാഴ്ചയാണു സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. അതേസമയം ബി നിലവറ തുറക്കുന്നതു സംബന്ധിച്ചു കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നു കാണിച്ച് സുപ്രീംകോടതിയില്‍ അഭിപ്രായം രേഖാമൂലം നല്കുമെന്നു രാജകുടുംബത്തിന്റെ അഭിഭാഷകന്‍ എന്‍.കെ.എസ്. മേനോന്‍ പറഞ്ഞു.

Support Evartha to Save Independent journalism

ക്ഷേത്രത്തിലെ ബി നിലവറ തുറന്നാല്‍ ദോഷമുണ്ടാകുമെന്നു രാജകൊട്ടാരത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ദേവപ്രശ്‌നത്തില്‍ വ്യാഖ്യാനിച്ചിരുന്നു. ബി നിലവറ തുറക്കരുതെന്നാവശ്യപ്പെട്ടു കവടിയാര്‍ രാജകൊട്ടാരം പ്രതിനിധികള്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ രൂക്ഷവിമര്‍ശനമാണ് കൊട്ടാരത്തിനു നേരേ സുപ്രീംകോടതി നടത്തിയത്.

ക്ഷേത്ര മതിലിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി യൂണിയന്‍ ഓഫീസുകള്‍ ക്ഷേത്രസുരക്ഷ പരിഗണിച്ച് നീക്കം ചെയ്യണമെന്നും ക്ഷേത്ര സുരക്ഷയ്ക്കു ഭീഷണിയുണെ്ടന്നും വിദഗ്ധ സമിതി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ലക്ഷം കോടി രൂപയുടെ സമ്പത്താണ് എ നിലവറയില്‍ കണെ്ടത്തിയത്. ഇതിന്റെ പല മടങ്ങു സമ്പത്ത് ബി നിലവറയിലുണെ്ടന്നാണു പലരും കരുതുന്നത്. നിലവറയിലെ മുഴുവന്‍ സമ്പത്തിനെയും കുറിച്ചു ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള മതിലകം രേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ രേഖകളെല്ലാം ഇപ്പോള്‍ രാജകുടുംബത്തിന്റെ കയ്യിലാണ്.