ആറന്മുള ജലോത്സവം ഇന്ന്

single-img
13 September 2011

പത്തനംതിട്ട: 46 പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവം പമ്പാനദിയുടെ ആറന്മുള സത്രക്കടവിനോടു ചേര്‍ന്നുള്ള നെട്ടായത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 1.30-ന് നടക്കും. ഇന്നു രാവിലെ ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍ രാവിലെ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് ആരംഭമാകും.

പള്ളിയോടങ്ങള്‍ വലിപ്പവ്യത്യാസമനുസരിച്ച് എ, ബി ബാച്ചുകളായി തിരിച്ചിരിക്കുന്നു. എ ബാച്ചില്‍ 33 പള്ളിയോടങ്ങളും ബി ബാച്ചില്‍ 13 പള്ളിയോടങ്ങളുമാണുള്ളത്. ജലോത്സവം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പൊതുയോഗം കേന്ദ്ര ടൂറിസം മന്ത്രി സുബോധ്കാന്ത് സഹായ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.പി. അനില്‍കുമാര്‍ അദ്ധയക്ഷത വഹിക്കും. മത്സരവള്ളംകളി മന്ത്രി പി. ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, മന്ത്രി വി.എസ്.ശിവകുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. രാജഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജലഘോഷയാത്രയോടെയാണ് ജലോത്സവത്തിന്റെ ആരംഭം. സത്രം കടവില്‍ നിന്നു പരപ്പുഴ കടവിലേക്കു ജലഘോഷയാത്രയും പരപ്പുഴ കടവില്‍ നിന്നു തിരിച്ചു സത്രക്കടവിലേക്കു മത്സരവള്ളം കളിയും നടക്കും.

മത്സര വള്ളംകളിയില്‍ എ ബാച്ച് പള്ളിയോടങ്ങള്‍ ഹീറ്റ്‌സ്, സെമിഫൈനല്‍ മത്സരങ്ങള്‍ക്കുശേഷം ഫൈനല്‍ മത്സരത്തിനെത്തും. ബി ബാച്ച് പള്ളിയോടങ്ങള്‍ ഹീറ്റ്‌സ് മത്സരത്തിനുശേഷം ഫൈനലില്‍ പ്രവേശിക്കും. ഇരുവിഭാഗങ്ങളുടെയും ഫൈനല്‍ മത്സര ജേതാക്കള്‍ക്ക് മന്നം ട്രോഫി സമ്മാനിക്കും. ചമയം, തുഴച്ചില്‍, പാട്ട് എന്നിവയ്ക്കും പ്രത്യേകം ട്രോഫികള്‍ നല്കും.

കനത്ത മഴയേത്തുടര്‍ന്ന് പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി പോലീസ്, അഗ്നിശമനസേന എന്നിവയുടെ ചുമതലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്.