കൈവിട്ടുപോയ സെവന്‍സ്

single-img
11 September 2011

വന്‍താരങ്ങളെ മാത്രം വച്ച് സിനിമയെടുക്കുന്ന മലയാളത്തിലെ പൊന്നുംവില സംവിധായകന്‍ ജോഷി യുവതാരങ്ങളെ വെച്ച് ചെയ്ത സിനിമയാണ് സെവന്‍സ്. പ്രധാനമായും കോഴിക്കോട് ഭാഗങ്ങളില്‍ കാണപ്പെടുന്ന സെവന്‍സ് ഫുഡ്‌ബോളിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഈ ഫാമിലി ത്രില്ലറിന് ഇക്ബാല്‍ കുറ്റിപ്പുറമാണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. ഏച്ചുകെട്ടലുകളും മുഴച്ചുനില്‍പ്പുകളും കൊണ്ട് സമ്പന്നമായ ഒരു ചിത്രം എന്ന് ഒറ്റ വാക്ക്യത്തില്‍ സെവന്‍സിനെപ്പറ്റിപ്പറയാം.

ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രം മലയാളത്തിലെ വമ്പന്‍ തിരക്കഥാകൃത്തുക്കളെ വച്ച് എഴുതി സംവിധാനം ചെയ്‌തെങ്കിലും ജോഷിയുടെ കരിയറില്‍ ഒരു വന്‍ പരാജയമായിരുന്നു. പോപ്പുലറായ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തി എന്ന നിലയില്‍ ട്വന്റി 20 യെ മുന്‍നിര്‍ത്തി പ്രേക്ഷകര്‍ പ്രതീക്ഷിച്ചതൊന്നും ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ കണ്ടില്ല. സൂപ്പര്‍സ്റ്റാറുകളെ വച്ച് അതേ രീതിയില്‍ തട്ടിക്കൂട്ടുന്ന ഒരു മൂന്നാംകിട സിനിമയ്ക്ക് തുല്യമായിപ്പോയി ക്രിസ്ത്യന്‍ ബ്രദേഴ്‌സ്. അതിനെ വച്ചു നോക്കുകയാണെങ്കില്‍ വളരെ ഭേദപ്പെട്ട ഒരു ചിത്രമെന്നുതന്നെ സെവന്‍സിനെ കുറിച്ച് പറയേണ്ടി വരും. കാരണം തലമുതിര്‍ന്ന താരങ്ങളോ തൊട്ടതെല്ലാം പൊന്നാക്കുന്ന വമ്പന്‍ തിരക്കഥാകൃത്തുക്കളോ ഇതില്‍ ഇല്ല എന്നു തന്നെ.

സെവന്‍സ് ഫുട്‌ബോളാണ് കഥയുടെ ഇതിവൃത്തമെങ്കിലും പ്രധാന ഇതിവൃത്തം അധോലോകമാണ്. കുറച്ചു കാലമായി മലയാള സിനിമയില്‍ കൊച്ചി കേന്ദ്രമാക്കിയുള്ള അധോലോക സിനിമകളാണ് അരങ്ങുവാഴുന്നത്. അതില്‍ നിന്നും വെറൈറ്റി ആയിക്കോട്ടെ എന്നു കരുതിയാകും ഇതില്‍ കോഴിക്കോട് കേന്ദ്രമാക്കിയുള്ള അധോലോകത്തിന്റെ കഥയാണ് പറയുന്നത്. പക്ഷേ, പറഞ്ഞ് പറഞ്ഞ് തിരക്കഥയും സംവിധാനവുമൊക്കെ പിന്നണിയാള്‍ക്കാരുടെ കൈവിട്ടുപോകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

കുഞ്ചാക്കോ, ആസിഫ്അലി, നൂലുണ്ട, നവീന്‍പോളി, അജു വര്‍ഗ്ഗീസ് തുടങ്ങിയ ഏഴ് കൂട്ടുകാരുടെ സംഘമാണ് സെവന്‍സ്. ഫുട്‌ബോള്‍ കളി ഇവര്‍ക്ക് ജീവിതത്തോളം പ്രാധാന്യമുള്ള കാര്യമാണ്. ഇതില്‍ കുഞ്ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രം ഗൗരി (ഭാമ) യുമായി പ്രണയത്തിലാകുന്നു. ഭാമയുടെ ചേട്ടന്‍ കോഴിക്കോട്ടെ ‘പ്രശസ്തനായ’ ഒരു ഗുണ്ടയാണ്. കോഴിക്കോട്ടങ്ങാടി ഭരിക്കുന്ന ഗുണ്ടാത്തലവന്‍ ശ്രീധരന്റെ ആള്‍. ഭാമയുമായി വരുന്ന വഴി കുഞ്ചാക്കോയ്ക്ക് അവളുടെ ചേട്ടനുമായി കോര്‍ക്കേണ്ടി വരുന്നു. കുഞ്ചാക്കോ മര്‍ദ്ദനമേറ്റ് ആശുപത്രിയിലുമാകുന്നു. കൂട്ടുകാരനെ മര്‍ദ്ദിച്ചതില്‍ പകരം വീട്ടാന്‍ മറ്റ് ആറുപേര്‍ ശ്രീധരന്റെ ബാറില്‍ ചെന്ന് പ്രശ്‌നമുണ്ടാക്കുന്നു. അവിടെ വച്ചാണ് സിനിമയുടെ ടേണിംഗ് പോയിന്റായ ബ്രോക്കര്‍ ഹബീബുള്ള (മണിയന്‍പിള്ള രാജു) ഇവരെ ശ്രദ്ധിക്കുന്നത്.

ആറുമാസങ്ങള്‍ക്ക് ശേഷം ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സെവന്‍സിന്റെ ആളുമാറിയുള്ള മര്‍ദ്ദനത്തില്‍ അശോകന്‍ (വിനീത് കുമാര്‍) എന്ന യുവാവ് ആശുപത്രിയിലാകുന്നു. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് മനസ്സിലാക്കുന്ന സെവന്‍സ് അശോകന്റെ ചികിത്സയ്ക്ക് എങ്ങിനെയെങ്കിലും പണം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. ആ സമയത്താണ് ബ്രോക്കര്‍ ഹബീബുള്ള അവരുമായി ബന്ധപ്പെടുന്നത്. ഒരു ‘ക്വട്ടേഷന്‍’ പണയിലൂടെ അതിനുള്ള കാശ് സെവന്‍സ് ഒപ്പിക്കുകയും ചെയ്യുന്നു. പക്ഷേ പിന്നീട് തുടരെ തുടരെ ‘ക്വട്ടേഷനുകള്‍’ വരികയും ഇഷ്ടമില്ലാഞ്ഞിട്ട് കൂടി അത് അതൊക്കെ ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് ഹബീബിന്റെ നിര്‍ദ്ദേശപ്രകാരം ഒരു യുവാവിനെ സെവന്‍സ് ഒരു റയില്‍വേ ക്രോസില്‍ വച്ച് ഒരു മാരുതി ഓമ്‌നിയില്‍ കയറ്റി വിടുന്നത്. പക്ഷേ അവിടെവച്ച് ആ യുവാവ് കൊല്ലപ്പെടുന്നു. പിറ്റേന്നാണ് കൊല്ലപ്പെട്ടത് ബാംഗ്ലൂരിലെ ഏതോ അധോലോക ഭീകരന്റെ മകനാണെന്ന് സെവന്‍സ് അറിയുന്നത്. തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഈ സിനിമ പറയുന്നത്.

നമ്മള്‍ മുമ്പ് കണ്ട ഏതൊക്കെയോ സിനിമകളുമായി ഇതിന് സാദൃ്യം തോന്നുന്നത് സ്വാഭാവികം മാത്രമായിരിക്കുമെന്ന് തോന്നുന്നു. അല്ലെങ്കില്‍ അങ്ങനെ വിചാരിക്കുന്നു. അഭിനേതാക്കളെല്ലാം വളരെ മികച്ചരീതിയില്‍ തന്നെ അവരവരുടെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പക്ഷേ എനിക്ക് വ്യക്തിപരമായി, ഏറ്റവും ഇഷ്ടപ്പെട്ട വേഷം മണിയന്‍പിള്ള രാജുവിന്റെ ബ്രോക്കര്‍ ഹബീബാണ്. ഒരു ക്വട്ടേഷന്‍ ബ്രോക്കറുടെ നല്ല രീതിയിലുള്ള പ്രകടനം രാജുവില്‍ കാണാന്‍ കഴിഞ്ഞു. ഭാമയും വിനീത് കുമാറിന്റെ സഹോദരിയായി അഭിനയിച്ച റിമ കല്ലിംഗലും സങ്കടങ്ങള്‍ ഇന്നും സ്ത്രീകളെ വിട്ടുപോയിട്ടില്ലെന്ന് പ്രേക്ഷകരെ അറിയിക്കുക എന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ചൊന്നും ചെയ്യാനാകാതെ നില്‍ക്കുകയാണ്.

ഗുണ്ടകളും അധോലോക നേതാക്കന്‍മാരും സ്ഥിരം സിനിമാക്കാരുടെ ഭാഷയില്‍ തന്നെ സെവന്‍സില്‍ വരച്ചു വച്ചിരിക്കുന്നു. പോലീസ് കമ്മീഷണറായി വരുന്ന സദിയാ മൊയ്തു തികച്ചും ബോറാക്കി എന്ന് പറയാതെ വയ്യ. ചിത്രത്തിന്റെ അവസാന രംഗങ്ങളില്‍ സി.ഐ റാങ്ക് ലെവലിലുള്ള ആള്‍ക്കാരുമായി കേസ് വിവരങ്ങളും ഭാവി പരിപാടികളും ചര്‍ച്ച ചെയ്യുമ്പോലെ സെവന്‍സിലെ ‘പിള്ളേരു’മായി കാര്യങ്ങള്‍ ചര്‍ച്ച നടത്തുന്നത് ഈ സിനിമയുടെ മനോഹാരിതയെ ഒന്നാകെ ബാധിച്ചിരിക്കുന്നു എന്നു പറയാം. ക്‌ളൈമാക്‌സ് മുന്‍കൂര്‍ പ്രതീക്ഷിക്കുന്നത് പോലെ തന്നെ.

സിനിമയില്‍ അഭിനയിച്ചിരിക്കുന്ന നടന്‍മാര്‍ ഒരു സ്ഥലത്തും ഈ സിനിമയെ വല്ലാതെ പൊക്കി പറഞ്ഞിട്ടില്ലാത്തതിനാലും ചില ഏച്ചുകെട്ടലുകള്‍ ഒഴിച്ചാല്‍ കണ്ടുകൊണ്ടിരിക്കാന്‍ പ്രശ്‌നമില്ലാത്തതിനാലും ഓണസമയത്തിറങ്ങിയതിനാല്‍ പ്രേക്ഷകര്‍ക്ക് കുറവ് വരുന്നില്ല എന്നുള്ളതിനാലും സെവന്‍സ് രക്ഷപ്പെടുമന്ന് വിശ്വസിക്കാം. അല്ലാതെ ജോഷി എന്ന സംവിധാകന്റെ പ്രതിഭ ദര്‍ശിക്കുവാനാണെങ്കില്‍ ഈ സിനിമ കാണാന്‍ തിേയറ്ററിലോട്ട് പോകേണ്ട ഒരു കാര്യവുമില്ല.